കാഞ്ഞാര്‍: മുട്ടം പഞ്ചായത്തിലെ മാത്തപ്പാറ പ്രദേശം കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധ ശല്യം രൂക്ഷമായി. മാത്തപ്പാറ മേഖലയിലുള്ള രണ്ട് കോളനികളായ അമ്പാട്ട് കോളനി, ഐഎച്ച്ഡിപി എന്നീ കോളനികള്‍ ഉള്‍പ്പടെ നിരവധി ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്ത് വഴി വിളക്കുകളും മാസങ്ങളായിട്ട് പ്രവര്‍ത്തിക്കുന്നില്ല. മലങ്കര ജലാശയത്തോട് ചേര്‍ന്നു കിടക്കുന്ന ഇവിടെ രാത്രി കാലങ്ങളില്‍ വാഹനങ്ങളിലും മറ്റും അപരിചിതരായ നിരവധി ആളുകള്‍ വന്നുപോകുന്നുണ്ട്.
മദ്യം, മയക്കുമരുന്ന് ഉള്‍പ്പെടെ ഉപയോഗിക്കുന്ന സാമൂഹിക വിരുദ്ധര്‍ പ്രദേശത്തെ കുളികടവുകള്‍ രാത്രികാലങ്ങളില്‍ താവളമാക്കുന്നു. വളര്‍ത്തുമ്യഗങ്ങളേയും ഇക്കൂട്ടര്‍ മോഷ്ടിക്കുന്നുണ്ട്. മാത്തപ്പാറ പ്രദേശം കേന്ദ്രീകരിച്ച് പോലീസിന്റെ നിരീക്ഷണം ശക്തമാക്കണമെന്നും സാമൂഹിക വിരുദ്ധര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മാത്തപ്പാറ റസിഡന്‍സ് അസോസ്സിയേഷന്‍ യോഗം ആവശ്യപ്പെട്ടു. എ യു രവീന്ദ്രന്‍ ആചാരി, കെ.എം.ഫയസല്‍, ബിനു കൂനാനിക്കല്‍, എ യു സാജബിന്‍, സോജി എ എസ്, ആദിത്യന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. മദ്യപരുടെ ശല്യം മൂലം പ്രദേശത്തെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രാത്രികാലങ്ങളില്‍ പുറത്തിറങ്ങാനാകുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.
















