നെടുങ്കണ്ടം: ഏഴ് മാസങ്ങള്‍ക്ക് മുമ്പ് നെടുങ്കണ്ടത്ത് വാടകയ്‌ക്ക് ഓടാന്‍ എത്തിച്ച ലോറി ഡ്രൈവറും കൂട്ടാളികളും ചേര്‍ന്ന് മറിച്ചു വിറ്റ കേസില്‍ രണ്ട് പേരെ നെടുങ്കണ്ടം പോലീസ് അറസ്റ്റു ചെയ്തു.
നെടുങ്കണ്ടം സ്വദേശികളായ നരിപ്പാറയില്‍ ഈപ്പന്‍(49) ബ്ലോക് നമ്പര്‍ 264ല്‍ ഷാജഹാന്‍(40) എന്നിവരാണ് പിടിയിലായത്. ആലുവ കളമശ്ശേരി ചെറുപറമ്പില്‍ നസീറിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍ 33-2752 ലോറി കഴിഞ്ഞ ഡിസംബറിലാണ് നെടുങ്കണ്ടത്ത് വാടകയ്‌ക്ക് ഓടാന്‍ എത്തിച്ചത്. ഓട്ടത്തിന് കൊണ്ടുവന്ന ആളില്‍ നിന്നും പലപ്പോഴും ലോറി വിവിധ ആവശ്യങ്ങള്‍ക്കായി വാങ്ങിക്കാണ്ടുപോകുന്ന ഈപ്പന്‍ കഴിഞ്ഞദിവസം ലോറി മുണ്ടക്കയം സ്വദേശിക്ക് വിറ്റതായാണ് പൊലീസിന് ലഭിച്ച വിവരം.
ഈപ്പന്റെ വീടിന് എതിര്‍വശത്ത് പെട്രോള്‍ പമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറി കഴിഞ്ഞ ഒരാഴ്ചയിലധികമായി കാണാതാവുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ചൊവ്വാഴ്ച ലോറി കമ്പംമെട്ട് അതിര്‍ത്തി വഴി തമിഴ്‌നാടിന് പോയതായി വിവരം ലഭിച്ച ഉടമ പോലീസിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ലോറി മുണ്ടക്കയം സ്വദേശിക്ക് വിറ്റതായി അറിയാന്‍ കഴിഞ്ഞത്. ലോറി കണ്ടെത്താനായിട്ടില്ലെന്നും അന്വേഷിച്ച് വരികയാണെന്നുമാണ് പോലീസ് നല്‍കുന്ന വിവരം. മുണ്ടക്കയം സ്വദേശി തമിഴ്‌നാട് സ്വദേശിക്ക് ലോറി വിറ്റതായും തമിഴ്‌നാട്ടില്‍ ലോറി പൊളിച്ചതായുള്ള അഭ്യൂഹങ്ങളുമുണ്ട്.
















