തൊടുപുഴ: ഇടവെട്ടിയില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയതിനെത്തുടര്‍ന്ന് മേഖലയില്‍ 10ല്‍ അധികം പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതുവരെ യാതൊരു നടപടിയും എടുക്കാതെ പഞ്ചായത്ത് അധികൃതര്‍.
പ്രാഥമിക ആരോഗ്യ കേന്ദ്രം വഴിയാണ് വര്‍ഷതോറും മഴക്കാലം ആരംഭിക്കുമ്പോള്‍ സാക്രമിക രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കുന്നത്. ആരോഗ്യവകുപ്പ് അധികൃതര്‍ക്കാണ് ഇതിന്റെ ചുമതലയും.
പതിമൂന്ന് വാര്‍ഡുകളിലായി തൊടുപുഴയില്‍ തന്നെ ഏറ്റവും അധികം ജനവാസമുള്ള പഞ്ചായത്താണ് ഇടവെട്ടി. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരോ വാര്‍ഡിലും 10000 രൂപ വീതമാണ് സര്‍ക്കാര്‍ അനുവദിച്ച് നല്‍കിയിക്കുന്നത്. മഴക്കാലം തുടങ്ങി 15 ദിവസം പിന്നിടുമ്പോഴും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ ഒരിടത്തും തുടങ്ങിയിട്ടില്ലെന്ന് വാര്‍ഡ് മെമ്പര്‍മാര്‍ തന്നെ സമ്മതിക്കുന്നു.
വീടുകള്‍ തോറും ആരോഗ്യ പ്രവര്‍ത്തകരെത്തി മഴക്കാലത്ത് വെള്ളം കെട്ടി കിടക്കാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ കണ്ടെത്തുകയും ഇവ ഒഴുവാക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുകയാണ് പതിവ്. റബ്ബര്‍ത്തോട്ടങ്ങളിലെ ചിരട്ടകള്‍ കമഴ്‌ത്തി വയ്‌ക്കുക. ജാതി തോട്ടങ്ങളിലെ ജാതിക്കയുടെ പുറം തോട് നശിപ്പിച്ച് കളയുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ തന്നെയാണ് നിര്‍ദ്ദേശം നല്‍കി വരുന്നത്. ഇവയൊന്നും നടപ്പിലാകാതെ വന്നതോടെ പഞ്ചായത്തിലാകെ കൊതുകുകള്‍ പെരുകുകയാണ്. വര്‍ഷംതോറും ഇത്തരത്തില്‍ ഫണ്ട് അനുവദിക്കുന്നുണ്ടെങ്കിലും നാട്ടുകാരുടെ കണ്ണില്‍പൊടിയിട്ട് ഇവ തട്ടിയെടുക്കുകയാണ് അധികൃതര്‍ ചെയ്യുന്നതെന്ന ആക്ഷേപം ശക്തമാണ്.
















