തൃശൂര്‍: ആഡംബര കല്യാണത്തിന്റെ പേരില്‍ വിവാദത്തിലകപ്പെട്ട ഗീതാ ഗോപി എംഎല്‍എക്കെതിരായ നടപടി സിപിഐ താക്കീതിലൊതുക്കി. കമ്മ്യൂണിസ്റ്റ് ജനപ്രതിനിധിയെന്ന നിലയില്‍ ഗീത ജാഗ്രത പുലര്‍ത്തിയില്ലെന്ന് തൃശൂര്‍ ജില്ലാ നേതൃത്വം ഗീതയെ അറിയിച്ചു.
ആഡംബര വിവാഹങ്ങളോട് എതിരായ സമീപനം സ്വീകരിക്കുന്ന പാര്‍ട്ടിക്ക് ഗീതയുടെ നടപടി അവമതിപ്പുണ്ടാക്കിയെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി.
പാര്‍ട്ടിക്കുള്ളില്‍ ഒരുവിഭാഗം ശക്തമായി ഗീതാഗോപിക്കെതിരെ രംഗത്ത് എത്തിയെങ്കിലും അവരെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഐ ജില്ലാ-സംസ്ഥാന നേതൃത്വം തുടക്കം മുതല്‍ സ്വീകരിച്ചിരുന്നത്. സംഭവം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെയാണ് നേതൃത്വം എംഎല്‍എയോട് വിശദീകരണം ആവശ്യപ്പെട്ടത്.
കല്യാണത്തില്‍ മന്ത്രിമാരും എംഎല്‍എമാരും പാര്‍ട്ടി നേതാക്കളും പങ്കെടുത്തിരുന്നു. അപ്പോഴൊന്നും ഗീതാഗോപി എംഎല്‍എയോട് ഇക്കാര്യം ആരും ചൂണ്ടിക്കാണിച്ചിരുന്നില്ല. എന്നാല്‍ മാധ്യമങ്ങള്‍ തെളിവ് സഹിതം ഇക്കാര്യം വ്യക്തമാക്കിയതോടെ ജില്ലാസെക്രട്ടറി വിശദീകരണം ആവശ്യപ്പെടുകയായിരുന്നു.
രണ്ടുവട്ടം ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്സണും ആറുവര്‍ഷം എംഎല്‍എയുമായിരുന്ന ഗീതാഗോപി എവിടുന്നാണ് ഇത്രയും ധനം സമ്പാദിച്ചതെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണ് സിപിഐ പ്രാദേശിക നേതാക്കളുള്‍പ്പടെ സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചത്.
















