തിരുവനന്തപുരം: സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ 159 ഔട്ട്‌ലെറ്റുകള്‍ ഇനി മാറ്റി സ്ഥാപിക്കനുണ്ടെന്ന് ബെവ്‌കോ. ഇത് പൂട്ടേണ്ടി വന്നാല്‍ സംസ്ഥാന സര്‍ക്കാരിന് അയ്യായിരം കോടി രൂപയുടെ റവന്യൂ നഷ്ടം ഉണ്ടാകുമെന്നും ബെവ്‌കോയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിച്ചാലുണ്ടാകുന്ന നഷ്ടത്തെക്കുറിച്ചാണ് ബെവ്‌കോ പഠനം നത്തിയത്. എക്സൈസ്, സെയില്‍സ് ഡ്യൂട്ടികളിലാണ് നഷ്ടം ഉണ്ടാവുന്നത്. നേരിട്ടും അല്ലാതെയും മൂവായിരം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാതയോരത്തെ 179 ഔട്ട്‌ലെറ്റുകളാണ് ബെവ്‌കോയ്‌ക്ക് മാറ്റി സ്ഥാപിക്കാനുണ്ടായിരുന്നത്. ഇതില്‍ ഇരുപത് എണ്ണം മാത്രമാണ് മാറ്റി സ്ഥാപിച്ചത്. പോലീസ് സംരക്ഷണം ലഭിച്ചിട്ടുപോലും ബാക്കിയുള്ളവ മാറ്റി സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ഔട്ട്‌ലെറ്റുകള്‍ മാറ്റിസ്ഥാപിക്കാന്‍ സുപ്രീംകോടതി അനുവദിച്ചിരിക്കുന്ന സമയപരിധി മാര്‍ച്ച് 31 ആണ്.
ബെവ്‌കോയുടേതിന് പുറമേ കണ്‍സ്യൂമര്‍ ഫെഡിന്റെ 23 ഔട്ട്‌ലെറ്റുകളും മാറ്റി സ്ഥാപിക്കേണ്ടതുണ്ട്.
















