തിരുവനന്തപുരം: നിയമസഭയെ തെറ്റിദ്ധരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇടതുസര്‍ക്കാര്‍ അധികാരമേറ്റ് പത്തുമാസത്തെ പദ്ധതിച്ചെലവ് അഞ്ചുവര്‍ഷത്തെ പദ്ധതിച്ചെലവുമായി താരതമ്യം ചെയ്ത പ്രസംഗത്തിലാണ് കണക്കുകള്‍ അപൂര്‍ണവും അവ്യക്തമായി അവതരിപ്പിച്ച് സഭയെ തെറ്റിദ്ധരിപ്പിച്ചത്. വി.ഡി. സതീശന് നല്കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
ഈ സാമ്പത്തികവര്‍ഷത്തിന്റെ തുടക്കത്തില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പും നോട്ടുനിരോധനവും മൂലം പദ്ധതിച്ചെലവില്‍ അല്‍പ്പം കുറവുവന്നെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 2011-12 യുഡിഎഫ് അധികാരമേറ്റശേഷം പത്തുമാസം കൊണ്ട് 5,773 കോടിരൂപയാണ് ചെലവഴിച്ചത്. 12-13 ല്‍ 6,708 കോടിയും 13-14 ല്‍ 8,453 കോടിയും 14-15 ല്‍ 8,500 കോടിയും 15-16 ല്‍ 9833 കോടിയുമാണ് ചെലവഴിച്ചത്. എന്നാല്‍ 16-17 ല്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റ് പത്തുമാസം കൊണ്ട് 9,774 കോടിരൂപ ചെലവഴിച്ചു. തെരഞ്ഞെടുപ്പും നോട്ടുനിരോധനവും ഉണ്ടായില്ലായിരുന്നെങ്കില്‍ ഇതിലും കൂടുതല്‍ ചെലവഴിച്ചേനെയെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
പദ്ധതിച്ചെലവില്‍ ആകെ നീക്കിയിരുപ്പ് എത്രയെന്ന് പറയാതെയാണ് മുഖ്യമന്ത്രി കണക്കുകള്‍ ഉദ്ധരിച്ചത്. 2011-12 ല്‍ പദ്ധതിച്ചെലവ് ഇനത്തില്‍ 9,000 കോടിരൂപയാണ് മാറ്റിവച്ചത്. ഇതില്‍ നിന്നാണ് 5,773 കോടി ചെലവഴിച്ചത്. എന്നാല്‍ 16-17 ല്‍ പദ്ധതിച്ചെലവിനായി 24,000 കോടിരൂപയാണ് മാറ്റിവച്ചിരിക്കുന്നത്. ഇതില്‍ നിന്ന് 9,774 കോടിരൂപ ചെലവഴിച്ചശേഷമാണ് മുഖ്യമന്ത്രി സഭയില്‍ ഊറ്റംകൊണ്ടത്.
















