തിരുവനന്തപുരം: യമനില്‍ ഭീകരരുടെ തടവില്‍ക്കഴിയുന്ന വികാരി ടോം ഉഴുന്നാലിന്റെ മോചനത്തിന് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ശ്രമിക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍. മോചനത്തിനുള്ള നടപടി ത്വരിതപ്പെടുത്തണമെന്ന് യമനിലെ ഇന്ത്യന്‍ കാര്യാലയത്തോട് ആവശ്യപ്പെടും.
സര്‍വകക്ഷി നിവേദകസംഘം ദല്‍ഹിയില്‍പ്പോയി പ്രധാനമന്ത്രിയെ സന്ദര്‍ശിക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ബാലന്‍ നിയമസഭയെ അറിയിച്ചു.
വിദേശത്ത് നടന്ന സംഭവമായതിനാല്‍ സംസ്ഥാന സര്‍ക്കാരിന് വിഷയത്തില്‍ നേരിട്ട് ഇടപെടുന്നതില്‍ പരിമിതികളുണ്ട്. അതുകൊണ്ട് ഇക്കാര്യത്തില്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിനും ഇന്ത്യന്‍ എംബസിക്കും കത്ത് നല്‍കിയിരുന്നു.
















