റിയാസോര്‍: ലോകത്തെയാകെ കുറച്ചു നിമിഷങ്ങളിലേക്ക് ആശങ്കയിലാഴ്‌ത്തിയ പരിക്കില്‍ നിന്ന് അറ്റ്‌ലെറ്റികോ മാഡ്രിഡ് താരം ഫെര്‍ണാണ്ടോ ടോറസ് മോചിതനായി. സ്പാനിഷ് ലീഗില്‍ ഡെപോര്‍ട്ടിവോ ലാ കൊരുണയ്‌ക്കെതിരായ പോരാട്ടിത്തിനിടെ കളത്തില്‍ പരിക്കേറ്റു വീണ ടോറസ് ഏതാനും നിമിഷത്തേക്ക് ബോധരഹിതനായതാണ് ആശങ്കയായത്. ഗ്രൗണ്ടില്‍ നിന്ന് ടോറസിനെ ആശുപത്രിയിലേക്കു മാറ്റി. മണിക്കൂറുകള്‍ക്കു ശേഷം ടോറസിന് ആശുപത്രി വിടാനായത് ആശ്വാസമായി.
റിയാസോറില്‍ നടന്ന കളിയുടെ എണ്‍പത്തഞ്ചാം മിനിറ്റില്‍ ഡെപോര്‍ട്ടിവോ മിഡ്ഫീല്‍ഡര്‍ അലക്‌സ് ബെര്‍ഗാന്റിനോസുമായി കൂട്ടിയിടിച്ചാണ് ടോറസ് കളത്തില്‍ വീണത്. ടോറസിന്റെ തലയ്‌ക്കാണ് പരിക്കേറ്റത്. ബോധം നഷ്ടപ്പെട്ട ടോറസിന്റെ അടുത്തേക്ക് ഇരു ടീമംഗങ്ങളും ഓടിയെത്തി. റഫറി ഡോക്റ്റര്‍മാരെ വിളിച്ചു. സ്ട്രച്ചറില്‍ ഗ്രൗണ്ടില്‍ നിന്നു മാറ്റിയ ടോറസിനെ ആംബുലന്‍സില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി.
തലയിടിച്ചതിന്റെ ആഘാതത്തില്‍ ബോധം നഷ്ടപ്പെട്ടതാണെന്നും ഭയക്കേണ്ട സാഹചര്യമില്ലെന്നും ആശുപത്രിയില്‍ നിന്ന്് അറിയിപ്പു വന്നു. പിന്നീട് ടോറസ് ആശുപത്രി വിട്ടു. പരിശീലനത്തിന് ഇറങ്ങുന്നതു പോലും നാല്‍പ്പത്തെട്ടു മണിക്കൂര്‍ കഴിഞ്ഞു മതി എന്നാണ് ഡോക്റ്റര്‍മാരുടെ നിര്‍ദേശം.
















