കണ്ണൂര്‍: കൊട്ടിയൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ 16 വയസ്സുകാരി പ്രസവിക്കാനിടയായ സംഭവത്തില്‍ വികാരിയെ വെളളപൂശിയും ഇരയായ വിദ്യാര്‍ത്ഥിനിയെ കുറ്റപ്പെടുത്തിയും കത്തോലിക്കാ പ്രസിദ്ധീകരണത്തില്‍ ലേഖനം. കോഴിക്കോട് നിന്ന് പ്രസിദ്ധീകരിക്കുന്ന സണ്‍ഡേ ശാലോം എന്ന പ്രസിദ്ധീകരണത്തിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്.
‘മോളെ നിനക്കും തെറ്റുപറ്റി, നാളെ ദൈവത്തിന്റെ മുന്നില്‍ നീയായിരിക്കും ആദ്യം കുറ്റം ഏറ്റുപറയേണ്ടി വരിക. കുഞ്ഞേ വൈദികന്‍ (ഫാ. റോബിന്‍) ആരാണെന്ന് എന്തുകൊണ്ട് നീ മറന്നു. വൈദികന്റെ വിശുദ്ധിയുടെ വില നമ്മുടെ ഈശോമിശിഹായുടെ തിരുഹൃദയത്തോളം അമൂല്യമാണെന്ന് നീ എന്തുകൊണ്ട് അറിഞ്ഞില്ല. വൈദികനും ജഡിക ശരീരമുളള വ്യക്തിയാണ്. അതുകൊണ്ട് പ്രലോഭനങ്ങള്‍ സംഭവിക്കാവുന്നതാണ്. താനാരാണെന്ന് കുറച്ചു സമയത്തേക്ക് നീ മറന്നു പോയിട്ടുണ്ടാകും. വിശുദ്ധ കൂര്‍ബാനയില്‍ ഈശോയെ സ്വീകരിച്ച എന്റെ കുഞ്ഞേ, സ്‌നേഹത്തോടേയോ കര്‍ക്കശമായോ നിനക്ക് അയാളെ തടയാമായിരുന്നില്ലേ’ എന്ന് ചോദിക്കുകയാണ് കത്തോലിക്കാ പത്രം.
ഇരയായ പെണ്‍കുട്ടി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് പറയുന്ന ലേഖനം ‘നമുക്ക് പ്രാര്‍ത്ഥിക്കാം വൈദിക സമൂഹത്തിനായി, സഭക്കായ്….നിത്യ പിതാവായ ഈശോയെ, അങ്ങയുടെ ദാസനായ വൈദികന് യാതൊരാപത്തും വരാതെ അങ്ങയുടെ തിരുഹൃദയത്തില്‍ അഭയം നല്‍കേണമേ..’ എന്ന് പറഞ്ഞ് മുഴുവന്‍ വിശ്വാസികളോടും പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്യുന്നു. പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനിയെ ഓരോ വരികളിലും കുറ്റപ്പെടുത്തുന്ന പത്രം ഒരുവരിയില്‍ പോലും വികാരിക്കെതിരെ പറയുന്നില്ല.
















