കല്‍പ്പറ്റ : പുരോഹിതന്റെ ബലാല്‍സംഗ കേസുമായി ബന്ധപ്പെട്ട് വയനാട് ദത്തെടുക്കല്‍ കേന്ദ്രത്തിന് വീഴ്‌ച്ചപറ്റിയെന്ന് അന്വേഷണസംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ വീഴ്‌ച്ചയെകുറിച്ചും അന്വേഷിക്കും. സംഭവത്തെകുറിച്ച് ജില്ലാ ചൈല്‍ഡ് പ്രോട്ടക്ഷന്‍ ഓഫീസറും അന്വേഷണം തുടങ്ങി. തെളിവുനശിപ്പിക്കാന്‍ മാനന്തവാടി രൂപതയും വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റയും ശ്രമം നടത്തിയിട്ടുണ്ടോ എന്ന പരാതിയെകുറിച്ചന്വേഷിക്കാന്‍ മാനന്തവാടി എഎസ്പി ജയദേവിന് എസ്പി നിര്‍ദ്ദശം നല്‍കിയിട്ടുണ്ട്.
കുട്ടിയെ ദത്തെടുക്കല്‍ കേന്ദ്രത്തിലെത്തിച്ചതിനുശേഷം വൈത്തിരി ഇന്‍ഫന്റ് മേരി കോണ്‍വെന്റും. വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ തോമസ് ജോസഫ് തേരകവും സമിതയംഗം സിസ്റ്റര്‍ ബെറ്റിയും നടത്തിയ രഹസ്യ നീക്കങ്ങളെകുറിച്ച് പേരാവൂര്‍ സിഐ അന്വേഷണം ആരംഭിച്ചു. കണിയാമ്പറ്റയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ആസ്ഥാനം വൈത്തിരിയിലെ ദത്തെടുക്കല്‍ കേന്ദ്രം എന്നിവിടങ്ങളില്‍ സിഐ എന്‍.സുനില്‍കുമാര്‍ എത്തി തെളിവെടുപ്പു നടത്തി.
അര്‍ദ്ധരാത്രി രാത്രി നവജാതശിശുവിനെ കസ്റ്റഡിയിലെടുത്തത് വിവാദമായിരുന്നു. പുരോഹിതന്‍ പ്രതിയും സഭയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തില്‍ കുഞ്ഞുമുള്ളതിനാല്‍ കുഞ്ഞിന്റെ ജിവന് ഭീക്ഷണിയാകുമെന്ന സംശയത്തെ തുടര്‍ന്ന് അങ്ങനെ ചെയ്യേണ്ടിവന്നുവെന്നാണ് വിശദീകരണം. ദത്തെടുക്കല്‍ ഏജന്‍സിയെ ഏല്‍പ്പിച്ചതും തുടര്‍ന്നു നടത്തിയ നടപടികളും നിയമപരമാണോ എന്ന് ജില്ല ചൈല്‍ഡ് പ്രോട്ടക്ഷന്‍ ഓഫീസറും അന്വേഷണം തുടങ്ങി.
സംഭവം മൂടിവെക്കാന്‍ രൂപത ആസൂത്രിത ശ്രമം നടത്തിയെന്നും തേരകം ചെയര്‍മാനായതിനുശേഷം നടന്ന എല്ലാ ഇടപാടുകളും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മാനന്തവാടി സ്വദേശിയായ തോമസ് പരാതി നല്‍കിയിട്ടുണ്ട്. പരാതിയെകുറിച്ച് മാനന്തവാടി എഎസ്പി ജി.ജയദേവ് അന്വേഷിക്കുമെന്ന് വയനാട് എസ്പി രാജ്പാല്‍ മീണ അറിയിച്ചു.
















