കണ്ണൂര്‍: കൊട്ടിയൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ മാപ്പുപറഞ്ഞ് മാനന്തവാടി രൂപത. രൂപത പുറത്തിറക്കിയ കത്തിലാണ് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം പെണ്‍കുട്ടിയോടും രക്ഷിതാക്കളോടും മാപ്പപേക്ഷിച്ചത്.
വൈദികന്‍ പീഡിപ്പിച്ചു എന്നത് അംഗീകരിക്കാനാകാത്ത കാര്യമാണെന്നു അദ്ദേഹം പറയുന്നു. കൊട്ടിയൂര്‍ പള്ളി വികാരിയായിരുന്ന ഫാദര്‍ റോബിന്‍ വടക്കുഞ്ചേരിക്കു പകരം അവിടെ പുതിയ വികാരിയെ നിയമിച്ചു കൊണ്ടുള്ള കത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
ഇരയാക്കപ്പെട്ട പ്രിയപ്പെട്ട മകളെയും അവളുടെ നല്ലവരും നിഷ്‌കളങ്കരുമായ മാതാപിതാക്കളെയും സഹോദരങ്ങളെയും ബന്ധുക്കളെയും എന്തുപറഞ്ഞ് ആശ്വസിപ്പിക്കും? പ്രിയപ്പെട്ടവരേ, നിങ്ങളെ ഞാന്‍ ദൈവസമക്ഷം സമര്‍പ്പിച്ച് പ്രാര്‍ഥിക്കുന്നു. നിങ്ങളുടെ കണ്ണീര്‍ ദൈവം കാണുന്നുണ്ട്. ആ കണ്ണീരിനോടു കൂടി എന്റെയും ഞാന്‍ ചേര്‍ക്കുന്നു.
നിങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളൂ: മാപ്പ്. ഒരിക്കലും നികത്താന്‍ പറ്റാത്ത നഷ്ടത്തിലും വിശ്വാസ ജീവിതത്തില്‍ അടിയുറച്ച് നില്‍ക്കുന്ന നിങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും. കഠിനമായ ഈ പ്രതിസന്ധി അതിജീവിക്കാന്‍ നിങ്ങള്‍ക്ക് ശക്തി ലഭിക്കട്ടെ’.കത്തില്‍ ബിഷപ്പ് വ്യക്തമാക്കി.
കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും കൊട്ടിയൂര്‍ ഐജെഎം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജരുമായ ഫാദര്‍ റോബിന്‍ വടക്കുംചേരി (48)യാണ് അറസ്റ്റിലായത്. കുറ്റം സമ്മതിച്ച വൈദികനെ രണ്ടാഴ്ചത്തേക്ക് തലശേരി സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
















