തിരുവനന്തപുരം: സംസ്ഥാനത്തേയ്‌ക്ക് ബംഗാളില്‍ നിന്നും 800 മെട്രിക് ടണ്‍ അരി എത്തി. തിങ്കളാഴ്ച മുതല്‍ കിലോയ്‌ക്ക് 25 രൂപ നിരക്കില്‍ അരി വിതരണം ചെയ്യുമെന്ന് സഹകരണ മന്ത്രി അറിയിച്ചു. കണ്‍സ്യൂമര്‍ ഫെഡ് സംഭരിച്ച സുവര്‍ണ അരിയാണ് സംസ്ഥാനത്ത് എത്തിയത്.
ഒരു കുടുംബത്തിന് തുടക്കത്തില്‍ അഞ്ച് കിലോ അരി വീതവും പിന്നീട് ആഴ്ചകളില്‍ പത്ത് കിലോ വീതവും നല്‍കാനാണ് ധാരണ. 500 സഹകരണ സംഘങ്ങള്‍ വഴിയാകും അരിവിതരണം. സഹകരണ സംഘങ്ങളെ തെരഞ്ഞെടുക്കുമ്പോള്‍ ആദിവാസി, മത്സ്യ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കും. 1700 മെട്രിക് ടണ്‍ അരികൂടി മാര്‍ച്ച് പതിനഞ്ചിനകം ബംഗാളില്‍ നിന്നും എത്തിക്കുമെന്നാണ് സഹകരണ വകുപ്പിന്റെ ഉറപ്പ്.
അരിവിതരണം തുടങ്ങുന്നതോടെ വിപണിയിലെ അരിവില പിടിച്ചു നിര്‍ത്താനാവുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. വില നിയന്ത്രണ വിധേയമാകുന്നതുവരെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും അരി കൊണ്ടുവരാണ് സര്‍ക്കാര്‍ തീരുമാനം.
തിങ്കളാഴ്ച ആന്ധ്രയില്‍ നിന്നും ആയിരം മെട്രിക് ടണ്‍ അരി കൂടി കേരളത്തില്‍ എത്തുമെന്ന് ഭക്ഷ്യ മന്ത്രി അറിയിച്ചിട്ടുണ്ട്.
















