ഓക്‌ലന്‍ഡ്: ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര ദക്ഷിണാഫ്രിക്കക്ക്. ഇന്നലെ നടന്ന അാവസാനത്തെയും അഞ്ചാമത്തെയും മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. വിജയത്തോടെ ഏകദിന റാങ്കിങ്ങില്‍ അവര്‍ ഒന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. 3-2 എന്ന നിലയിലാണ് അവര്‍ പരമ്പര സ്വന്തമാക്കിയത്.
ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ന്യൂസിലാന്‍ഡിനെ 149 റണ്‍സിന് പുറത്താക്കുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ 32.2 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക ലക്ഷ്യത്തിലെത്തി. പുറത്താകാതെ 51 റണ്‍സെടുത്ത ഫാഫ് ഡുപ്ലെസിസും 45 റണ്‍സെടുത്ത ഡേവിഡ് മില്ലറുമാണ് ദക്ഷിണാഫ്രിക്കന്‍ ലക്ഷ്യം എളുപ്പമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ന്യൂസിലാന്‍ഡ് റബാഡയുടെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ കൃത്യതയ്‌ക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. നാല് പേര്‍ മാത്രം രണ്ടക്കം കടന്ന ഇന്നിങ്ങ്‌സില്‍ ഗ്രാന്‍ഡ്‌ഹൊമ്മെ ടോപ്‌സ്‌കോറര്‍. ബ്രൗണ്‍നൈല്‍, നീഷാം, സാന്റ്‌നര്‍ എന്നിവര്‍ 24 റണ്‍സ് വീതം നേടി. ദക്ഷിണാഫ്രിക്കക്ക് വേണ്ടി മൂന്നു വിക്കറ്റെടുത്ത റബാഡയാണ് കളിയിലെ താരം.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക തുടക്കത്തിലെ തകര്‍ച്ചക്കുശേഷമാണ് വിജയത്തിലേക്ക് നീങ്ങിയത്. 48 റണ്‍സെടുക്കുന്നതിനിടെ ഡി കോക്ക് (6), ആംല (8), ഡുമ്‌നി (3) എന്നിവരെ നഷ്ടപ്പെട്ടശേഷം ഡുപ്ലെസിസിന്റെയും മില്ലറുടെയും ബാറ്റിങ്ങാണ് അവരെ രക്ഷിച്ചത്. ഡുപ്ലെസിസ് 51 റണ്‍സെടുത്തും മില്ലര്‍ 45 റണ്‍സെടുത്തും പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ഡിവില്ലിയേഴ്‌സ് 23 റണ്‍സെടുത്തു. ന്യൂസിലാന്‍ഡിന് വേണ്ടി ജീതന്‍ പട്ടേല്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി.
















