ബാഴ്‌സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ രണ്ടാം പാദ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ചാമ്പ്യന്മാരായ ബാഴ്‌സലോണക്ക് ജീവന്മരണപോരാട്ടം. നൗകാമ്പില്‍ നടക്കുന്ന മത്സരത്തില്‍ ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി എതിരാളികള്‍.
ആദ്യപാദ എവേ മത്സരത്തില്‍ ബാഴ്‌സലോണ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ന്നിരുന്നു. അതിനാല്‍ ഇന്ന് ഇതിലും മികച്ച വിജയം നേടിയാല്‍ മാത്രമേ ക്വാര്‍ട്ടറില്‍ പ്രവേശിക്കാന്‍ ബാഴ്‌സക്ക് കഴിയൂ. 4-0നാണ് വിജയമെങ്കില്‍ കളി അധികസമയത്തേക്ക് നീളും. മെസ്സി-സുവാരസ്-നെയ്‌മര്‍ സഖ്യത്തിന്റെ ഉജ്ജ്വല ഫോമിലാണ് ബാഴ്‌സയുടെ പ്രതീക്ഷകള്‍ മുഴുവന്‍. കഴിഞ്ഞ ദിവസങ്ങളില്‍ ലാ ലീഗില്‍ നടന്ന മത്സരങ്ങളില്‍ എംഎസ്എന്‍ കരുത്തില്‍ ഗോള്‍ മഴ പെയ്യിച്ചിരുന്നു.
അത് ഇന്നും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ബാഴ്‌സയുടെ ആരാധകര്‍. അതേസമയം എഡിസണ്‍ കവാനിയിലാണ് പിഎസ്ജിയുടെ പ്രതീക്ഷകള്‍.
മറ്റൊരു മത്സരത്തില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ബെനഫിക്കയുമായി ഏറ്റുമുട്ടും. ആദ്യപാദത്തില്‍ ബെനഫിക്ക 1-0ന് ബൊറൂസിയയെ തോല്‍പ്പിച്ചിരുന്നു. ഇന്ന് 2-0ന് ബൊറൂസിയക്ക് ജയിക്കാന്‍ കഴിഞ്ഞാല്‍ അവര്‍ക്കും ക്വാര്‍ട്ടറിലെത്താം. മറിച്ച് കളി സമനിലയിലായാല്‍ ബെനഫിക്കയാവും അവസാന എട്ടില്‍ പ്രവേശിക്കുക.
















