ന്യൂദല്‍ഹി: ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റിലെ ഡിആര്‍എസ് (ഡിസിഷന്‍ റിവ്യൂ സിസ്റ്റം) വിവാദത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ക്യാപ്റ്റന്‍ കോഹ്‌ലിയെ ന്യായീകരിച്ചു.
ഈ പ്രശ്‌നത്തില്‍ ബിസിസിഐ കോഹ്‌ലിക്കും ഇന്ത്യന്‍ ടീമിനുമൊപ്പമാണ്. കോഹ്‌ലി പക്വതയാര്‍ന്നതും മറ്റു കളിക്കാര്‍ക്ക് മാതൃകയാക്കാവുന്നതുമായ താരമാണ്. കോഹ്‌ലിയുടെ നടപടിയെ ഐസിസി അമ്പയര്‍ നിഗല്‍ ലോംഗ് പിന്തുണച്ചു. ഓടിയെത്തിയ അദ്ദേഹം സ്മിത്തിനെ പന്തിരിപ്പിക്കുകയും ചെയ്തു. അടുത്ത മത്സരങ്ങള്‍ ക്രിക്കറ്റിന്റെ യഥാര്‍ഥ സ്പിരിറ്റില്‍ കളിക്കുമെന്നാണ് വിശ്വാസം എന്നും ബിസിസിഐ പത്രക്കുറിപ്പില്‍ പറയുന്നു.
ഉമേഷ് യാദവിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്മിത്ത് തീരുമാനം പുനപരിശോധിക്കാന്‍ ഡ്രസിംഗ് റൂമിന്റെ സഹായം തേടിയതാണ് വിവാദമായത്. മത്സരശേഷം നടത്തിയ പത്രസമ്മേളനത്തില്‍ തനിക്ക് അബദ്ധം പറ്റിയതാണെന്ന് സ്മിത്ത് സമ്മതിച്ചു. പ്രശ്‌നത്തില്‍ അദ്ദേഹം മാപ്പും പറഞ്ഞു. എന്നാല്‍, ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇന്നലെ സ്മിത്തിനെ ന്യായികരിച്ചു.
ക്യാപറ്റന്‍ സ്മിത്തും കളിക്കാരും കളിനിയമം ലംഘിച്ചെന്ന കോഹ്‌ലിയുടെ ആരോപണം ശരിയല്ലെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്ക്റ്റ് ബോര്‍ഡ് വ്യക്തമാക്കി. റോള്‍മോഡലും മര്യാദക്കാരനുമായ സ്മിത്തിന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് സിഇഒ ജെയിംസ് സതര്‍ലന്‍ഡ് പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് ബിസിസിഐ ഇന്ത്യന്‍ ടീമിനും ക്യാപ്റ്റന്‍ കോഹ്‌ലിക്കും അനുകൂലമായി പത്രക്കുറിപ്പിറക്കിയത്.
ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്മാരായ സുനില്‍ ഗവാസ്‌ക്കറും സൗരവ് ഗാംഗുലിയും സ്മിത്തിനെ വിമര്‍ശിച്ചു. ഈ പ്രശ്‌നത്തില്‍ ഐസിസി ഇടപെടണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.
















