ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഒന്നാമത്. രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയുമാണ് ഒന്നാം സ്ഥാനം പങ്കിട്ടത്. ഇത് ആദ്യമായാണ് രണ്ട് സ്പിന്നര്‍മാര്‍ റാങ്കിങ്ങില്‍ ഒന്നാമതെത്തുന്നത്. ഇരുവര്‍ക്കും 892 പോയിന്റുകളാണുള്ളത്. 2008നുശേഷം ആദ്യമായാണ് രണ്ട് ബൗളര്‍മാര്‍ ഒന്നാം റാങ്ക് പങ്കിടുന്നത്. അന്ന് ഡെയ്ല്‍ സ്‌റ്റെയ്‌നും മുത്തയ്യ മുരളീധനും ഒന്നാം റാങ്ക് പങ്കിട്ടിരുന്നു.
ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് തുടങ്ങുന്നതിന് മുമ്പ് അശ്വിന് പിന്നില്‍ രവീന്ദ്ര ജഡേജ രണ്ടാമതായിരുന്നു. രണ്ടാം ടെസ്റ്റിലെ മികച്ച പ്രകടനമാണ് ജഡേജയെ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ത്തിയത്. ഏഴു വിക്കറ്റാണ് ജഡേജ ടെസ്റ്റില്‍ ആകെ വീഴ്‌ത്തിയത്. കരിയറില്‍ ആദ്യമായാണ് ജഡേജ ഒന്നാം റാങ്കിലെത്തുന്നത്. രണ്ടാം ഇന്നിംഗ്‌സില്‍ ആറു വിക്കറ്റുമായി ഓസ്‌ട്രേലിയയെ തകര്‍ത്ത അശ്വിന്‍ ടെസ്റ്റില്‍ എട്ട് വിക്കറ്റുകളും നേടി. ഓസ്‌ട്രേലിയയുടെ ജോഷ് ഹെയ്‌സല്‍വുഡാണ് ബൗളര്‍മാരില്‍ മൂന്നാമത്.
എന്നാല്‍ ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ നിന്ന് അശ്വിന്‍ ഒരു സ്ഥാനം പിന്നോട്ടിറങ്ങി രണ്ടാമതായി. ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസനാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യയുടെ രവീന്ദ്ര ജഡേജ മൂന്നാമത്.
ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ വിരാട് കോഹ്‌ലി രണ്ടില്‍ നിന്നും മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങി. സ്റ്റീവന്‍ സ്മിത്തും ജോ റൂട്ടുമാണ് ബാറ്റിങ്ങില്‍ ഒന്നും രണ്ടും സ്ഥാനത്ത്. ബെംഗളൂരുവില്‍ നടന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്ങ്‌സില്‍ 92 റണ്‍സ് നേടിയ ചേതേശ്വര്‍ പൂജാര അഞ്ച് സ്ഥാനം മുന്നില്‍ കയറി ആറാം റാങ്കിലെത്തി. രണ്ട് സ്ഥാനം മുന്നില്‍ കയറിയ അജിന്‍ക്യ രഹാനെ 15-ാമത്. 23 സ്ഥാനം മുന്നിലെത്തിയ ലോകേഷ് രാഹുല്‍ 23-ാമതെത്തി.
















