തിരുവനന്തപുരം: സാഹസിക ടൂറിസം ഭൂപടത്തില്‍ ഇടം നേടാന്‍ കൊതിച്ച കാപ്പുകാടിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുന്നു. അന്താരാഷ്‌ട്ര മൗണ്ടന്‍ സൈക്ലിംഗ് മത്സരത്തിന്റെ സ്ഥിരം വേദിയായി പരിഗണിക്കപ്പെട്ട അരുവിക്കര മണ്ഡലത്തിലെ കാപ്പുകാടിനെ വെട്ടിമാറ്റി മത്സരം വയനാടന്‍ ചുരം കയറ്റുകയാണ് വിനോദസഞ്ചാര വകുപ്പ്. ഏപ്രിലില്‍ നടക്കുന്ന എംബിറ്റി കേരള മൗണ്ടന്‍ സൈക്ലിംഗിന്റെ ഏഴാം പതിപ്പാണ് മാനന്തവാടിയിലെ സര്‍ക്യൂട്ട് ട്രാക്കിലേക്ക് മൂന്നാം തവണയും കൊണ്ടുപോകാന്‍ തീരുമാനിച്ചിരിക്കുന്നത്.
കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി സംസ്ഥാനത്തിന്റെ സാഹസിക വിനോദ സാധ്യതകള്‍ ആഗോളതലത്തില്‍ എത്തിക്കുവാന്‍ 2010 ല്‍ തുടങ്ങിയതാണ് മൗണ്ടന്‍ സൈക്ലിംഗ്. ഇന്ത്യക്ക് പുറമെ യുഎസ്എ, ഫ്രാന്‍സ്, ജര്‍മ്മനി, സിംഗപ്പൂര്‍, അര്‍മേനിയ, ന്യൂസിലന്റ്, ബ്രൂണൈ, മൗറീഷ്യസ് തുടങ്ങി ഇരുപതോളം രാജ്യങ്ങള്‍ മാറ്റുരയ്‌ക്കുന്ന മൗണ്ടന്‍ സൈക്ലിംഗ് സംസ്ഥാനത്തിന്റെ സാഹസിക ടൂറിസം മേഖലയ്‌ക്ക് പുതിയ ഉണര്‍വാണ് നല്‍കുന്നത്.
ആദ്യ എംബിറ്റി മത്സരം ഇടുക്കി ജില്ലയിലെ വാഗമണ്ണിലായിരുന്നു. തുടര്‍ന്ന് രണ്ടുതവണ വയനാട് പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി ടി എസ്‌റ്റേറ്റിലെ സര്‍ക്യൂട്ട് ട്രാക്കിലായി മത്സരം. കൊല്ലം ജില്ലയിലെ തെന്മലയിലും തിരുവനന്തപുരത്ത് പൊന്മുടിയിലും സൈക്ലിംഗ് ട്രാക്കുണര്‍ന്നിട്ടുണ്ട്. എന്നാല്‍ മൗണ്ടന്‍ സൈക്ലിംഗിന് സംസ്ഥാനത്ത് ഒരു സ്ഥിരം വേദിയെന്ന ആശയം 2016 ല്‍ അഡ്വഞ്ചര്‍ ടൂറിസം സൊസൈറ്റി ചിന്തിച്ചു. പല മലയോര മേഖലകളും ഇതിനായി നിരീക്ഷിച്ചു. ഒടുവില്‍ കോട്ടൂര്‍ അഗസ്ത്യ മലനിരകളെ തൊട്ടുരുമ്മി നില്‍ക്കുന്ന കാപ്പുകാടിന് നറുക്ക് വീണു. സാഹസിക സൈക്ലിംഗിന് അനുയോജ്യമെന്ന് ടെക്‌നിക്കല്‍ കമ്മറ്റിയും വിധിയെഴുതി. അങ്ങനെ 2016–ല്‍ രാജ്യാന്തര മൗണ്ടന്‍ സൈക്ലിംഗ് മത്സരം കാപ്പുകാടില്‍ വിജയകരമായി നടന്നു. സമാപന ദിവസം കാപ്പുകാടിലെത്തിയ ടൂറിസം മന്ത്രി കാപ്പുകാട് മൗണ്ടന്‍ സൈക്ലിംഗിന്റെ സ്ഥിരം വേദിയെന്ന പ്രഖ്യാപനവും നടത്തി.
ഇക്കുറി മാസങ്ങള്‍ക്ക് മുന്‍പ് ട്രാക്ക് പരിശോധന പൂര്‍ത്തിയാക്കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. മത്സരത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് സാഹസിക സൈക്ലിംഗിനെ അങ്ങോട്ടേക്ക് കൊണ്ടുപോകാന്‍ ചരടുവലി നടത്തിയത്. അരുവിക്കര, കാട്ടാക്കട എംഎല്‍എമാര്‍ മത്സരം ഇവിടെ വേണമെന്ന ആവശ്യം ഉന്നയിക്കാതിരുന്നതും വയനാടിന് അനുഗ്രഹമായി.
















