മേളത്തിന്റെ മര്‍മ്മമറിഞ്ഞ പ്രമാണിയായി ഉദിച്ചുയര്‍ന്ന് തിരക്കേറിവന്ന കാലത്തുതന്നെ അസ്തമിച്ചപ്പോള്‍ അസ്തപ്രജ്ഞരായത് ആസ്വാദകരായിരുന്നു. ചേന്ദമംഗലം ഉണ്ണി എന്ന മേളപ്രമാണി തെക്കും വടക്കും ഒരുപോലെ സ്വീകാര്യനായിരുന്നു. കഴിഞ്ഞ ദിവസം കൊല്ലം പൂരത്തിന് മേളപ്രമാണിയായി ചെമ്പടക്ക് കാലം നിരത്തിക്കൊണ്ടിരിക്കെ പലകുറി ചെണ്ടക്കോല്‍ കൈയില്‍ നിന്ന് വിട്ടുപോയി. തിരുമുപ്പം ഉണ്ണി എന്ന സഹപ്രമാണിയെ ചുമതലയേല്‍പ്പിച്ച് വിശ്രമിച്ച് തിരികെ പറവൂരെ സ്വകാര്യ ആശുപത്രിയില്‍ എത്തിയപ്പോഴേയ്‌ക്കും മഹാനായ ആ മേളപ്രമാണിയെ ദേവസന്നിധിയിലേക്ക് തിരിച്ചുവിളിച്ചിരുന്നു.
ചാലക്കുടി പുഴയ്‌ക്ക് തെക്ക് മേളം നയിക്കാന്‍ കെല്‍പ്പുള്ളവര്‍ അധികമില്ല. ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ വലതുവശത്ത് നിന്ന് മേളത്തിന് മിഴിവുപകരാന്‍ ഇനി പകരക്കാരന്‍ ആരുമില്ല. മേളത്തിനു മാത്രമല്ല തായമ്പകയ്‌ക്കും പഞ്ചവാദ്യത്തിലെ ഇടയ്‌ക്കയും വായിച്ചുനിറയ്‌ക്കാന്‍ ചേന്ദമംഗലത്തെ ഉണ്ണി മികവുറ്റ കലാകാരനാണ്.
തൃശൂര്‍ പൂരമടക്കമുള്ള പ്രധാന പൂരങ്ങള്‍ക്ക് നിലകൊണ്ട് അറിയപ്പെടുന്ന വാദ്യക്കാരനായി തീര്‍ന്നത് കാലങ്ങള്‍കൊണ്ടാണ്. പഴയകാലത്തെ ആശാന്മാര്‍ക്കൊപ്പം പിന്നിട്ട പാതകളെ സശ്രദ്ധം വീക്ഷിച്ചാണ് ഉണ്ണിയുടെ മുന്നേറ്റം. കഥകളിയും മേളവും ഒരുപോലെ വഴങ്ങിയിരുന്ന തെനയത്ത് ശേഖരമാരാര്‍, സാധകബലത്താല്‍ സിദ്ധനായ പുത്തന്‍വേലിക്കര പദ്മനാഭ മാരാര്‍, ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ എന്നിവരെല്ലാം ഉണ്ണിയെ പരുവപ്പെടുത്തിയ ഗുരുക്കന്മാരാണ്.
തൃശൂര്‍ പൂരത്തില്‍ പാറമേക്കാവിന്റെ പഞ്ചവാദ്യത്തിന് ഇടയ്‌ക്കയുടെ അമരക്കാരനായ മാരാര്‍ തെക്കു-വടക്കുള്ള പൂരപ്പറമ്പുകള്‍ക്ക് സ്വീകാര്യനായി മാറി. കഴിഞ്ഞ 4ന് തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ സുവര്‍ണ്ണമുദ്ര അകവൂര്‍ കുഞ്ഞനിയന്‍ നമ്പൂതിരിപ്പാടില്‍ നിന്ന് വാങ്ങിയതാണ് ഒടുവില്‍ കിട്ടിയ പുരസ്‌കാരം.
















