കൊച്ചി: ഹൃദയ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന സ്റ്റെന്റുകളുടെ വില നിയന്ത്രണം മറികടക്കാന്‍ സ്വകാര്യാശുപത്രികള്‍ ചികിത്സാഫീസുകള്‍ മൂന്നിരട്ടിയാക്കിയതിനെ കുറിച്ച് അന്വേഷിച്ച് വിശദീകരണം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.
ആരോഗ്യവകുപ്പ് സെക്രട്ടറി ഏപ്രില്‍ 10 നകം അനേ്വഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്‌സണ്‍ പി. മോഹനദാസ് ആവശ്യപ്പെട്ടു.
സ്വകാര്യ ആശുപത്രികള്‍ ഡോക്ടര്‍മാരുടെ ഫീസും വിവിധ സേവനങ്ങളുടെ നിരക്കും മൂന്നിരട്ടിയായി വര്‍ദ്ധിപ്പിച്ചെന്നാണ് പരാതി. ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. അതേസമയം സ്റ്റെന്റുകളുടെ വിലയില്‍ സര്‍ക്കാര്‍ കുറച്ച നിരക്ക് തന്നെ സ്വകാര്യ ആശുപത്രികള്‍ കാണിച്ചിട്ടുണ്ട്.
സ്റ്റെന്റുകളുടെ വില കുറച്ചുകാണിച്ചിരിക്കുന്നതു കാരണം അധികൃതര്‍ക്ക് നടപടിയെടുക്കാനും കഴിയുന്നില്ല. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനും കൊച്ചി നഗരസഭാംഗവുമായ തമ്പി സുബ്രഹ്മണ്യന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
















