മഡ്ഗാവ്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ വിജയം. രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് റെയില്‍വേസിനെയാണ് കേരളത്തിന്റെ ചുണക്കുട്ടികള്‍ തകര്‍ത്തെറിഞ്ഞത്. ജോബി ജസ്റ്റിന്‍ ഹാട്രിക്കുമായി കളം നിറഞ്ഞ മത്സരത്തില്‍ ക്യാപ്റ്റന്‍ ഉസ്മാനും ഒരിക്കല്‍ ലക്ഷ്യം കണ്ടു. റെയില്‍വേസിന്റെ രണ്ട് ഗോളുകളും നേടിയത് മലയാളി താരം രാജേഷ്. റെയില്‍വേസിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. കഴിഞ്ഞ ദിവസം പഞ്ചാബിനോടും 2-1ന് അവര്‍ തോറ്റിരുന്നു.
കളിയുടെ തുടക്കം മുതല്‍ എതിര്‍ ഗോള്‍മുഖം ലക്ഷ്യമാക്കി കേരളം തകര്‍പ്പന്‍ മുന്നേറ്റങ്ങളാണ് നടത്തിയത്. എന്നാല്‍ ആദ്യം ഗോള്‍ നേടിയത് റെയില്‍വേസായിരുന്നു. കേരള പ്രതിരോധം വരുത്തിയ പിഴവ് മുതലെടുത്താണ് രാജേഷ് ഗോള്‍ നേടിയത്. എന്നാല്‍ ലീഡ് നേടിയ റെയില്‍വേയുടെ സന്തോഷം ഏറെ നീണ്ടുനിന്നില്ല. നാല് മിനിറ്റിനുശേഷം ജോബി കേരളത്തിന്റെ സമനിലഗോള്‍ കണ്ടെത്തി. പിന്നീട് ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ ജോബി ടീമിന് ലീഡും നേടിക്കൊടുത്തു.
ആദ്യപകുതിയില്‍ കേരളം 2-1ന് മുന്നില്‍. രണ്ടാം പകുതിയില്‍ ജസ്റ്റിന്‍ ജോബി തന്റെ ഹാട്രിക്കും ടീമിന്റെ മൂന്നാം ഗോളും നേടി. ഒടുവില്‍ നായകന്‍ ഉസ്മാനും ലക്ഷ്യം കണ്ടതോടെ കേരളം 4-1ന് മുന്നില്‍. പിന്നീട് കളി തീരാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കേ റെയില്‍വേസ് രാജേഷിലൂടെ രണ്ടാം ഗോളും നേടിയെങ്കിലും കേരളത്തെ വിജയത്തില്‍ നിന്ന് തടഞ്ഞുനിര്‍ത്താന്‍ അവര്‍ക്കായില്ല. കേരളത്തിന്റെ നാല് ഗോളുകളില്‍ മൂന്നും ഹെഡ്ഡറിലൂടെയായിരുന്നു പിറന്നത്.
















