ന്യൂദൽഹി: ബിജെപിയുടെ നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി വാൾസ്ട്രീറ്റ് ജേണൽ. ഉത്തർപ്രദേശിലെ ബിജെപിയുടെ കൂറ്റൻ വിജയത്തെ രാഷ്‌ട്രീയ ഭൂകമ്പം എന്നാണ് പത്രഭീമൻ അഭിപ്രായപ്പെട്ടത്. തെരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയ വിജയം നരേന്ദ്ര മോദിക്ക് 2019ലും പ്രധാനമന്ത്രിയായി തുടരാനുള്ള സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും പത്രം വിലയിരുത്തുന്നു.
മാർച്ച് 14ന് പ്രസിദ്ധീകരിച്ച എഡീഷനിലാണ് ബിജെപിയുടെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന മുന്നേറ്റത്തെക്കുറിച്ചും പ്രധാനമന്ത്രിയുടെ നേതൃപാടവത്തെക്കുറിച്ചും ലേഖനം വന്നത്. ഉത്തർപ്രദേശിൽ 80 ശതമാനത്തോളം സീറ്റുകൾ കൈയ്യടക്കിയ ബിജെപി മികച്ച മുന്നേറ്റമാണ് കാഴ്ച വച്ചത്. യുപിയിലേയും മറ്റ് സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് വിജയം 2019ലും മോദിക്ക് പ്രധാനമന്ത്രി പദം ഒരുക്കി കൊടുക്കാനുള്ള സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു- പത്രം വ്യക്തമാക്കുന്നു.
ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും വികസന പ്രവർത്തനങ്ങൾ പൂർത്തികരിക്കാൻ ബിജെപിക്ക് സാധിക്കും. അതേ സമയം കോൺഗ്രസിനെ പരിഹസിക്കാനും പത്രം മറന്നില്ല. കോൺഗ്രസിന് മികച്ചൊരു നേതൃസ്ഥാനം വഹിക്കാൻ കഴിവുള്ള നേതാവില്ലെന്നും ഇപ്പോൾ തീരുമാനങ്ങൾ എടുക്കാൻ കഴിവില്ലാത്ത രാഹുൽ ഗാന്ധിയുടെ കീഴിലാണെന്നും പത്രം പരിഹസിക്കുന്നുണ്ട്.
















