കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്ങ്‌സില്‍ ബംഗ്ലാദേശ് പൊരുതുന്നു. ലങ്കയുടെ ഒന്നാം ഇന്നിങ്ങ്‌സ് സ്‌കോറായ 338 റണ്‍സിനെതിരെ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ബംഗ്ലാദേശ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്തിട്ടുണ്ട്. 18 റണ്ണുമായി ഷാക്കിബ് അല്‍ ഹസ്സനും 2 റണ്ണുമായി മുഷ്ഫിഖര്‍ റഹിമും ക്രീസില്‍.
നേരത്തെ 238ന് 7 എന്ന നിലയില്‍ ഇന്നലെ ഒന്നാം ഇന്നിങ്ങ്‌സ് പുനരാരംഭിച്ച ശ്രീലങ്ക 100 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. 86 റണ്‍സുമായി ബാറ്റിങ്ങ് തുടര്‍ന്ന ചണ്ഡിമല്‍ സെഞ്ചുറി തികച്ചത് മത്സരത്തിലെ സവിശേഷത. 300 പന്തുകള്‍ നേരിട്ട് 138 റണ്‍സാണ് ദിനേശ് ചണ്ഡിമല്‍ നേടിയത്. ഹെറാത്ത് 25ഉം ലക്മല്‍ 35ഉം റണ്‍സ് നേടി. ബംഗ്ലാദേശിന് വേണ്ടി മെഹ്ദി ഹസ്സന്‍ റാസ മൂന്നും മുസ്താഫിസുര്‍ റഹ്മാന്‍, സുഭാശിഷ് റോയ്, ഷാക്കിബ് അല്‍ ഹസ്സന്‍ എന്നിവര്‍ രണ്ടു വിക്കറ്റുകളും നേടി.
തുടര്‍ന്ന് ഒന്നാം ഇന്നിങ്ങ്‌സ് ആരംഭിച്ച ബംഗ്ലാദേശിന് വേണ്ടി ഓപ്പണര്‍മാരായ തമിം ഇഖ്ബാലും (49) സൗമ്യ സര്‍ക്കാരും (61) ചേര്‍ന്ന് 95 റണ്‍സിന്റെ തുടക്കം സമ്മാനിച്ചു. തുടര്‍ന്ന് ഇംറുള്‍ കെയ്‌സ് 34ഉം സാബിര്‍ റഹ്മാന്‍ 42ഉം റണ്‍സ് കൂട്ടിച്ചേര്‍ത്തു. തെയ്ജുല്‍ ഇസ്ലാം റണ്ണൊന്നുമെടുക്കാതെ പുറത്തായി. ലങ്കക്ക് വേണ്ടി ലക്ഷന്‍ സന്‍ഡകന്‍ മൂന്നും ലക്മല്‍, ഹെറാത്ത് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി.
















