വെല്ലിംഗ്ടണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്ങ്‌സില്‍ ന്യൂസിലാന്‍ഡ് 268ന് പുറത്ത്. സെഞ്ചുറി നേടിയ ഹെന്റി നിക്കോള്‍സിന്റെ തകര്‍പ്പന്‍ ഇന്നിങ്ങ്‌സാണ് കിവി സ്‌കോര്‍ 268-ല്‍ എത്തിച്ചത്. 161 പന്തുകള്‍ നേരിട്ട നിക്കോള്‍സ് 118 റണ്‍സെടുത്തു. തുടര്‍ന്ന് ഒന്നാം ഇന്നിങ്ങ്‌സ് ആരംഭിച്ച ദക്ഷിണാഫ്രിക്ക ആദ്യ ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സ് എന്ന നിലയില്‍. എട്ട് റണ്‍സുമായി റബാദയും റണ്ണൊന്നുമെടുക്കാതെ ഹാഷിം ആംലയും ക്രീസില്‍. 3 റണ്‍സെടുത്ത കുക്കും 9 റണ്‍സെടുത്ത എല്‍ഗറുമാണ് പുറത്തായത്.
നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക കിവികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സ്‌കോര്‍ 21 റണ്‍സായപ്പോഴേക്കും മൂന്ന് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. ടോം ലാഥം (8), വില്ല്യംസണ്‍ (2), അരങ്ങേറ്റക്കാരന്‍ ബ്രൂം (0) എന്നിവരാണ് മടങ്ങിയത്. ഹെന്റി നിക്കോള്‍സിന് പുറമെ ഓപ്പണര്‍ ജീത് റാവല്‍ (36), വാറ്റ്‌ലിങ് (34), ടിം സൗത്തി (27) എന്നിവര്‍ മാത്രമാണ് ന്യൂസിലാന്‍ഡ് നിരയില്‍ അല്പമെങ്കിലും പിടിച്ചുനിന്നത്. നാല് വിക്കറ്റ് വീഴ്‌ത്തിയ പാര്‍ട്ട് ടൈം സ്പിന്നര്‍ ജെ.പി. ഡുംമ്‌നിയാണ് കിവീസിനെ പിടിച്ചുകെട്ടിയത്. മോണി മോര്‍ക്കല്‍, കേശവ് മഹാരാജ്, കങ്കീസോ റബാഡ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ നേടി.
















