മഡ്ഗാവ്: സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളത്തിന് സമനില. ആവേശം കൊടുമുടി കയറിയ മത്സരത്തില്‍ അവസാന നാല് മിനിറ്റിനിടെ രണ്ട് ഗോള്‍ നേടിയാണ് കേരളം കരുത്തരായ പഞ്ചാബിനെ സമനിലയില്‍ തളച്ചത്. ഇരുടീമുകളും രണ്ട് ഗോളുകള്‍ നേടി. 89, 93 മിനിറ്റുകളില്‍ മുഹമ്മദ് പാറക്കോട്ടിലാണ് രണ്ട് ഗോളുകളും നേടി കേരളത്തിന് വിലപ്പെട്ട ഒരു പോയിന്റ് സമ്മാനിച്ചത്. സമനിലയോടെ രണ്ട് കളികളില്‍ നിന്ന് നാല് പോയിന്റുമായി കേരളം സെമി പ്രതീക്ഷ സജീവമാക്കി.
ആദ്യ മത്സരത്തില്‍ റെയില്‍വേസിനെ തോല്‍പ്പച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് കേരളം ഇന്നലെ കളത്തിലെത്തിയത്. പ്രതിരോധ നിരയില്‍ ലിജോക്കും നിഷോണിനും പകരം നജേഷും രാഹുല്‍ വി. രാജും മധ്യനിരയില്‍ ജിജോ ജോസഫിന് പകരം സഹല്‍ അബ്ദുസമദുമാണ് കളിക്കുന്നത്. സ്ട്രൈക്കറായ സഹല്‍ അറ്റാക്കിങ് മിഡ്ഫീല്ഡറുടെ റോളിലാണ് കളത്തിലെത്തിയത്.
കളിയുടെ തുടക്കം മുതല്‍ ഇരുടീമുകളും മികച്ച കളി കാഴ്ചവച്ചെങ്കിലും ആദ്യപകുതിയില്‍ ഗോള്‍ വിട്ടുനിന്നു. രണ്ടാം പകുതി ആരംഭിച്ച് നാല് മിനിറ്റായപ്പോഴേക്കും പഞ്ചാബ് സെല്‍ഫ് ഗോളിലൂടെ ലീഡ് നേടി. ബോക്സിന് പുറത്തുനിന്ന് പഞ്ചാബ് താരം പായിച്ച ലോങ് ഷോട്ട് കേരളതാരം ഷെറിന് സാമിന്റെ കാലില്‍ത്തട്ടി വലയില്‍ കയറുകയായിരുന്നു. പിന്നീട് 56-ാം മിനിറ്റില്‍ മന്‍വീര്‍ സിങിലൂടെ പഞ്ചാബ് ലീഡ് ഉയര്‍ത്തുകയും ചെയ്തു. അതിനുശേഷമാണ് കേരളത്തിന്റെ ചുണക്കുട്ടികള്‍ മൈതാനം അടക്കിവാഴാന്‍ തുടങ്ങിയത്. പരാജയം ഏറ്റുവാങ്ങിയാല്‍ സെമി സാധ്യതക്ക് വന്‍ തിരിച്ചടിയാവുമെന്ന ചിന്തയില്‍ സടകുടഞ്ഞെഴുന്നേറ്റ ഉസ്മാനും കൂട്ടരും തുടര്‍ച്ചയായി പഞ്ചാബ് ഗോള്‍മുഖത്തേക്ക് ഇരച്ചുകയറി. എന്നാല്‍ ഗോള്‍ വിട്ടുനിന്നതോടെ കേരളം പരാജയത്തിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ചു. എന്നാല്‍ തോല്ക്കാന് മനസ്സില്ലാതിരുന്ന കേരളം 89-ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കി. മുഹമ്മദ് പാറക്കോട്ടിലായിരുന്നു കേരള ക്യാമ്പില്‍ പ്രതീക്ഷകള്‍ നിറച്ച് ആദ്യ പ്രഹരം നടത്തിയത്. കളി പരിക്കു സമയത്തേക്ക്. വീണ്ടും കേരളത്തിന്റെ മുന്നേറ്റങ്ങള്‍. ഒടുവില്‍ പരിക്കുസമയത്തിന്റെ മൂന്നാം മിനിറ്റില്‍ മുഹമ്മദ് പാറക്കോട്ടില്‍ രണ്ടാമതും നിറയൊഴിച്ചപ്പോള്‍ കേരളത്തിന് ലഭിച്ചത് വിജയത്തോളം പോന്ന ഒരു സമനില.
മറ്റൊരു മത്സരത്തില്‍ റെയില്‍വേസ് ആദ്യ വിജയം നേടി. ഇന്നലെ നടന്ന കളിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് അവര്‍ മഹാരാഷ്ട്രയെ തോല്‍പ്പിച്ചു. കളിയുടെ 33-ാം മിനിറ്റില്‍ മഹാരാഷ്ട്രയുടെ അഭിഷേക് അംബേകറാണ് സ്വന്തം വലയില്‍ പന്തെത്തിച്ച് റെയില്‍വേക്ക് വിജയം സമ്മാനിച്ചത്. പത്തുപേരുമായി കളിച്ചാണ് റെയില്‍വേ വിജയം നേടിയത്. കളി ഒരുമണിക്കൂര്‍ പിന്നിട്ടവേളയില്‍ അവരുടെ ഷാബാസ് പഠാനാണ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയത്. ആദ്യ മത്സരത്തില്‍ കേരളത്തോട് തോറ്റ റെയില്‍വേസിന് മഹാരാഷ്ട്രക്കെതിരായ ജയത്തോടെ മൂന്ന് പോയിന്റായി. തുടര്‍ച്ചയായ രണ്ടാം കളിയിലും പരാജയം നേരിട്ട മഹാരാഷ്ട്രക്ക് ഇതുവരെ പോയിന്റൊന്നും ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: