നോങ്തോംബം ബീരേന്‍ സിങ് എന്നത് മണിപ്പൂരിന്റെ മുഖ്യമന്ത്രിയുടെ പേര് മാത്രമല്ല, ദേശീയതയുടെ പതാക രാജ്യാതിര്‍ത്തികളില്‍ ആശങ്കകള്‍ക്കിടമില്ലാതെ പാറേണ്ടതാണെന്ന സംഘടിതബോധത്തിന്റെ വിജയപ്രതീകം കൂടിയാണ്. അരുണാചലില്‍ പേമ ഖണ്ഡുവിനും ആസാമില്‍ സര്‍ബാനന്ദ സോനോവാളിനും ശേഷം മണിപ്പൂരിലും ഒരു ബിജെപി മുഖ്യമന്ത്രി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് മാത്രമായി പ്രാദേശിക പ്രസ്ഥാനങ്ങളെ അണിനിരത്തി മുന്നണി ഉണ്ടാക്കിയ രാഷ്ട്രീയ ദീര്‍ഘദര്‍ശനത്തിന്റെ പത്തരമാറ്റ് വിജയമാണിത്.
സ്വന്തമായി പ്രധാനമന്ത്രിയും പതാകയും ഭരണഘടനയിലെ പ്രത്യേകവകുപ്പുകളും പിടിച്ചുവാങ്ങി വിഘടനവാദത്തിന്റെ ഭരണകൂടങ്ങള്‍ തിമിര്‍ത്താടിയ കശ്മീരില്‍ ഇപ്പോള്‍ കുങ്കുമപ്പൂവനങ്ങള്‍ നമ്മുടെ ഭാരതമെന്ന് പാടുന്നുണ്ടെങ്കില്‍ അതിന് കാരണവും ഇതേ സംഘടിതബോധമാണ്.
രാജ്യത്തിന്റെ ജനാധിപത്യത്തെ നോക്കുകുത്തിയാക്കി ഒരു കുടുംബം അട്ടിപ്പേറായി കൊണ്ടുനടന്ന ഭരണത്തെ കുഴിച്ചുമൂടി ഭാരതം അതിന്റെ ഗൗരവത്തിലേക്ക് നടന്നുനീങ്ങുകയാണ്. ആയിരങ്ങള്‍ ചോരയൊഴുക്കി നേടിയ സ്വാതന്ത്ര്യത്തിന്റെ കുത്തകാവകാശികള്‍ തങ്ങളാണെന്ന ചരിത്രഹത്യ മാത്രമല്ല, സമരവിജയത്തിന് സഹനസമരത്തിന്റെ തപശ്ശക്തിയുമായി നേതൃത്വം നല്കിയ മഹാത്മാവിന്റെ പേരുകൂടി തങ്ങള്‍ക്ക് വാലായി ചേര്‍ത്ത് തലമുറകളെ വഞ്ചിക്കുക എന്ന മഹാപാതകം കൂടിയാണ് കാപട്യം കൈമുതലാക്കിയ ആ കുടുംബം നടത്തിയത്.
ദേശീയതയ്ക്കായി ശബ്ദമുയര്‍ത്തിയ നേതാക്കന്മാരെ മുഴുവന്‍ നിശബ്ദരാക്കി.
പലരെയും ജയിലറകളില്‍ തള്ളി. ചെറുത്തുനില്പിന് കരുത്ത് കാട്ടിയവര്‍ പലരും ദൂരൂഹമരണങ്ങളുടെ പിടിയിലമര്‍ന്നു. ഭരണത്തിന്റെ സുഖാസനത്തില്‍ അമര്‍ന്നിരുന്നവര്‍ അത്തരം മരണങ്ങളുടെ പിന്നാമ്പുറങ്ങള്‍ അന്വേഷിച്ചതേയില്ല. ജനങ്ങള്‍ക്ക് ബോധ്യപ്പെടാനായിപ്പോലും വിശദീകരണങ്ങള്‍ ഉണ്ടായില്ല. നേതാജി സുഭാഷ്ചന്ദ്രബോസ് മുതല്‍ ശ്യാമപ്രസാദ് മുഖര്‍ജിയും പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയും വരെയുള്ളവര്‍ ഇല്ലാതാക്കപ്പെട്ടു. ലാല്‍ബഹദൂര്‍ ശാസ്ത്രിയെപ്പോലെ പക്വമതിയായ ഒരു പ്രധാനമന്ത്രി വിദേശത്ത് മരണപ്പെട്ടതിന്റെ ദുരൂഹത അകറ്റാന്‍ ഈ ലോകതറവാടികള് തയ്യാറായതേയില്ല. ദേശീയവികാരത്തെയും ദേശീയതയെയും പ്രസംഗവേദികളിലെ അവസാനത്തുള്ളി രക്തത്തില്‍ വിറ്റഴിച്ച് അധികാരം കൊയ്തെടുത്തവര്‍ സ്വദേശത്തും വിദേശത്തും അതിനെ അപമാനിച്ച് ഇല്ലാതാക്കി.
രാജ്യത്തിന്റെ എല്ലാ വികസനപദ്ധതികളും റോഡും തോടും കനാലും വരെ ഒരു കുടുംബക്കാരുടെ പേരിട്ട് വിളിക്കപ്പെട്ടു. കുടുംബത്തിനുള്ളില്‍പോലും ഭീഷണിയാകുമായിരുന്നവരെ ചവിട്ടിപുറത്താക്കി. മക്കള്‍ രാഷ്ട്രീയം മരുമകള്‍ രാഷ്ട്രീയവും ചെറുമക്കള്‍ രാഷ്ട്രീയവുമായി വഴിമാറി. രാഷ്ട്രബോധത്തിന്റെ കണികപോലും ബാക്കിയില്ലാതായപ്പോള്‍ പാര്ട്ടിക്കസേരകളും അടുക്കളവാഴ്ചയുടെ ഭാഗമായി. അവിടെയും പാര്‍ട്ടിയിലെ മുന്തിയ നേതാക്കന്മാര് പലരും നിന്നനില്പില് അപ്രത്യക്ഷരായി. രാജേഷ് പൈലറ്റും മാധവറാവു സിന്ധ്യയുമൊക്കെ അപ്രതീക്ഷിതമായി മറഞ്ഞുപോയി. മതേതരത്വം പൊതുവേദികളില്‍ പ്രസംഗിക്കുന്ന ഇറ്റലിക്കാരി പാര്‍ട്ടിയെയും നാടിനെയും വത്തിക്കാന്വല്ക്കരിക്കാന് കൊണ്ടുപിടിച്ചുപരിശ്രമിച്ചു. കരുണാകരനും ശരത്പവാറും അര്‍ജുന്‍സിങും കുടിയൊഴിഞ്ഞിടത്തേക്ക് ആന്റണി മുതല്‍ ടോം വടക്കന്‍ വരെയുള്ളവര്‍ എവിടെയുമെന്ന പോലെ നുഴഞ്ഞുകയറി. രാഷ്ട്രത്തിന്റെ ഇച്ഛാശക്തി ഇപ്പോള്‍ അതിനൊക്കെ പകരം ചോദിക്കുകയാണ്.
അതിര്‍ത്തി കടന്നുള്ള ഭീകരവാദംകൊണ്ട് പൊറുതിമുട്ടിയ കാശ്മീരിന്റെ മണ്ണില്‍ തീവ്രവാദികളെ പ്രീണിപ്പിക്കുന്ന നയമായിരുന്നു അവരുടേതെങ്കില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്വന്തം തീവ്രവാദികളെ അഴിഞ്ഞാടാന്‍ അനുവദിക്കുകയായിരുന്നു. ആസാമും മണിപ്പൂരും നാഗാലാന്‍ഡും മിസ്സോറാമും അരുണാചലുമൊക്കെ രാഷ്ട്രവിരുദ്ധരുടെ താവളമായി മാറി. തങ്ങള്‍ ഭാരതീയരല്ലെന്ന് പരസ്യമായി പറഞ്ഞുനടക്കുന്നവരുടെ നാടായി അത്തരം സംസ്ഥാനങ്ങള്‍. കോണ്‍ഗ്രസ് മുക്തഭാരതം എന്നത് കേവലം കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു ആഹ്വാനമല്ലാതാകുന്നത് ഈ സാഹചര്യത്തിലാണ്. അത് ദേശീയതയുടെ മുന്നേറ്റത്തിന് അനിവാര്യമാണ്.
അവസാനിപ്പിക്കാനുള്ള ഒരു അവസരവും വിനിയോഗിക്കപ്പെടാതിരുന്നുകൂടാ എന്ന ഉറച്ച ബോധ്യമുള്ള ഒരു സംഘടനയാണ് കിട്ടിയ ആദ്യ അവസരത്തില്‍ത്തന്നെ മണിപ്പൂരില്‍ ഭരണത്തിലേക്കുള്ള പാത വെട്ടിത്തുറന്നത്. 2014 മെയ്മാസത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ അഖണ്ഡഭാരതത്തെ സാക്ഷിയാക്കി അധികാരമേറ്റെടുത്ത ദേശീയസര്‍ക്കാരിന്റെ കുതിപ്പ് അവസാനിക്കുന്നില്ല എന്നതാണ് മണിപ്പൂര്‍ നല്കുന്ന പാഠം. ഭാരതഹൃദയഭൂമിയായ ഉത്തരപ്രദേശിലെ കണ്ണഞ്ചിക്കുന്ന വിജയം സങ്കുചിത ജാതി രാഷ്ട്രീയത്തിന്റെ അടിവേരറുത്ത് ഭാവാത്മക ചിത്രം വരച്ചിടുന്നു. മതപ്രീണനത്തിന്റെ ദുഷിച്ച രാഷ്ട്രീയവും അവസാനിക്കുകയാണ്. ഉത്തരപ്രദേശും ഉത്തരാഖണ്ഡും നേടിയ സമ്പൂര്ണവിജയക്കുതിപ്പിനേക്കാള് പക്ഷേ കരുത്താര്ന്നതാണ് മണിപ്പൂരില്‍ ബീരേന്സിങ്ങെന്ന പഴയ സൈനികന്റെ നേതൃത്വത്തില്‍ ബിജെപി നേടിയെടുത്തത്.
രാജ്യത്തിന്റെ സൈനികനിയമങ്ങളെയും സൈനികരെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി പതിനഞ്ച് കൊല്ലം ഉണ്ണാവ്രതമിരുന്ന ഇറോം ശര്‍മ്മിളയ്ക്ക് മണിപ്പൂരി ജനത നല്കിയ ദയനീയപിന്തുണയുടെ വലിപ്പമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ദിശാവ്യതിയാനം ഏറെ വ്യക്തമാക്കുന്നത്.
നോങ് ബീര്‍ എന്ന് മണിപ്പൂരികള്‍ വിളിക്കുന്ന ബീരേന്‍സിങ് ദേശീയതയിലേക്കുള്ള ഈ മടങ്ങിവരവിന് അന്നാട്ടുകാര്ക്കുമുന്നില് കൊടിപിടിച്ചു നടക്കുന്നു. പന്തുകളിച്ചാണ് താന്‍ ഭാരതീയനായതെന്ന് ബീരേന്‍ പറയുന്നത് മണിപ്പൂരിന്റെ അതുവരെയുള്ള രാഷ്ട്രീയം സൃഷ്ടിച്ചെടുത്ത വിചാരധാരയില്‍ നിന്നാണ്. പന്തുകളിച്ചതുകൊണ്ടാണ് അന്നേവരെ മണിപ്പൂരിയായിരുന്ന നോങ് ബീര്‍ രാജ്യത്തിന്റെ അതിര്‍ത്തി രക്ഷാ സേനയില്‍ അംഗമാകുന്നത്.
പന്ത് കളിച്ചതുകൊണ്ടാണ് ഫെഡറേഷന് കപ്പിലും ഡുറണ്ട് കപ്പിലും സന്തോഷ് ട്രോഫിയിലും കളം നിറഞ്ഞത്. പന്ത് കളിച്ചതുകൊണ്ടാണ് ബീരേന്‍ ഇന്ത്യന്‍ താരമായത്. അതിര്‍ത്തി രക്ഷാസേനയില്‍ നിന്ന് വിടപറഞ്ഞ് ബീരേന്‍ കയ്യിലേന്തിയത് പേനയാണ്. നഹരോള്ഗി തൗദാങ് എന്ന പത്രമായിരുന്നു കളിത്തട്ട്. പത്രപ്രവര്‍ത്തനത്തിന്റെ ഹരിശ്രീ പഠിച്ചിട്ടില്ലെങ്കിലും നോങ്ബീറിന്റെ പത്രം മണിപ്പൂരില്‍ തരംഗമായി. അടിസ്ഥാനപരമായി കക്ഷിരാഷ്ട്രീയത്തിന്റെ അസ്കിത ഒന്നും ഇല്ലാതിരുന്ന ബീറിന് രാഷ്ട്രീയം ഒരു ടീം വര്‍ക്കായിരുന്നു. ഒരേ ലക്ഷ്യത്തിലേക്ക് പരസ്പരം കൈമാറി പന്തുമായി കുതിക്കുന്ന ഫുട്ബോള്‍ ടീമിലെ അംഗങ്ങളാവണം ജനങ്ങളെന്നതായിരുന്നു ബീറിന്റെ കാഴ്ചപ്പാട്. രാഷ്ട്രീയത്തില്‍ ബീര്‍ വെറും പതിനഞ്ചുകാരനാണ്. 2002ല്‍ ഡെമോക്രാറ്റിക് റെവല്യൂഷണറി പീപ്പിള്‍സ് പാര്‍ട്ടിയില്‍ തുടങ്ങിയതാണ് ബീര്‍. പ്രായം പതിനഞ്ചായപ്പോള്‍ നരേന്ദ്രമോദിയുടെ ടീമില്‍ മണിപ്പൂരി ക്യാപ്ടനായിരിക്കുന്നു ഈ അമ്പത്താറുകാരന്.
ബിജെപിയുടെ മണിപ്പൂരി വിജയം അതിന്റെ ആശയഗരിമകൊണ്ട് പാഠമാകുന്നത് കേരളത്തിനാണ്. ദേശീയത കടുത്ത വെല്ലുവിളി നേരിട്ടിടത്തൊക്കെ ഈ വിജയക്കുതിപ്പ് സൂചനയാണ്. അടിവേരുമുറിഞ്ഞ ദേശവിരുദ്ധശക്തികള്‍ അഭയം തേടി കേരളത്തിലേക്ക് പലായനം ചെയ്യുകയാണ്. കൊലപാതകങ്ങളും കൊടിയ പീഡനങ്ങളും കൊണ്ട് ഇപ്പോള്‍ത്തന്നെ പൊറുതിമുട്ടിയ കേരളം കശ്മീര്‍ പുറന്തള്ളിയ തീവ്രവാദവിഴുപ്പുകള്ക്ക് പുരോഗമനക്കുപ്പായമണിയിക്കുന്ന തിരക്കിലാണ്. അധികം വൈകാതെ അതിനും അറുതിയുണ്ടാകും എന്ന പ്രത്യാശയുടെ മുന്നറിയിപ്പുണ്ട് നോങ് ബീറിന്റെ വിജയകഥയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: