ന്യൂദല്‍ഹി: പ്രധാനമന്ത്രിക്ക് സാമൂഹ്യ മാധ്യമങ്ങള്‍ വഴി ജനങ്ങളുമായി ആശയ വിനിമയം നടത്താന്‍ വന്ന ചെലവ് പൂജ്യം. ആപ്പ് നേതാവും ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വിവരാവകാശം വഴി നല്‍കിയ അപേക്ഷയിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഈ മറുപടി നല്‍കിയത്.
മോദിയുടെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് എന്നിവയെല്ലാം പ്രധാനമന്ത്രിയുടെ ഓഫീസാണ് കൈകാര്യം ചെയ്യുന്നത്. ഇതുകൂടാതെ പിഎംഒ ഔദ്യോഗിക മൊബൈല്‍ ആപ്പായ പിഎംഒ ഇന്ത്യ ഗൂഗിളും മൈ ഗവണ്‍മെന്റും ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ മത്സരത്തിലാണ് ഡിസൈന്‍ ചെയ്തത്. ഇതില്‍ വിജയിച്ചര്‍ക്കുള്ള സമ്മാനത്തുകയല്ലാതെ വേറെ പണമൊന്നും ചെലവായിട്ടില്ല. സമ്മാനത്തുക ഗൂഗിളാണ് നല്‍കിയതെന്നും പിഎംഒ വൃത്തങ്ങള്‍ സിസോദിയയ്‌ക്ക് നല്‍കിയ മറുപടിയില്‍ അറിയിച്ചു.
നരേന്ദ്രമോദി ആപ്പ് ബിജെപി ഐടി വിഭാഗമാണ് വികസിപ്പിച്ചത്. അവര്‍ തന്നെയാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നതും. മന്‍കീബാത്ത് പ്രത്യേക ചെലവുകളൊന്നുമില്ലാതെയാണ് പ്രക്ഷേപണം ചെയ്യുന്നത്. എന്നാല്‍ ഇതില്‍ നിന്ന് പരസ്യ വരുമാനമായി 4.78 കോടി രൂപയാണ് ആകാശവാണിക്ക് ലഭിച്ചതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
















