പനജി: ഗോവയില്‍ സര്‍ക്കാരുണ്ടാക്കാന്‍ കഴിയാത്തതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ കലഹം രൂക്ഷമായി. എല്ലാത്തിനും കാരണക്കാരന്‍ ഗോവയുടെ ചുമതലയുണ്ടായിരുന്ന ദ്വിഗ്‌വിജയ് സിങ്ങും കെ സി വേണുഗോപാലുമാണെന്നാണ് ഗോവ നേതാക്കളുടെ ആരോപണം. എന്നാല്‍ രാഹുലിന്റെ തീരുമാനമെടുക്കാനുള്ള കഴിവില്ലായ്‌മയാണ് പ്രശ്‌നമായതെന്നാണ് സിങ്ങിന്റെ മറുപടി.
പ്രശ്‌നത്തെച്ചൊല്ലി 17 എംഎല്‍എമാരില്‍ ഒരാളടക്കം രണ്ടു നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചുകഴിഞ്ഞു. വലിയ ഒറ്റക്കക്ഷിയായിട്ടും സര്‍ക്കാരുണ്ടാക്കാന്‍ കഴിയാത്തതിനു കാരണം എഐസിസി ജനറല്‍ സെക്രട്ടറി ദ്വിഗ്‌വിജയ് സിങ്ങിന്റെയും ഗോവ സ്‌ക്രീനിങ്ങ് സമിതി അധ്യക്ഷന്‍ കെസി വേണുഗോപാലിന്റെയും കഴിവുകേടാണ്. ഗോവ പിസിസി പ്രസിഡന്റ് ലുസിയാനോ ഫെലേറിയോ തുറന്നടിച്ചു. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി നേതാക്കള്‍ക്കിടയിലുള്ള തര്‍ക്കമാണ് സര്‍ക്കാര്‍ രൂപീകരണ നീക്കം വൈകാനുള്ള കാരണമെന്ന ആരോപണവും ഫെലേറിയോ നിഷേധിച്ചു. ഞാന്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കുന്ന കത്തും തയ്യാറാക്കി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ഗവര്‍ണ്ണര്‍ വിളിക്കും വരെ കാത്തിരിക്കാന്‍ സിങ്ങാണ് പറഞ്ഞത്. ഫലം വന്ന രാത്രിയില്‍ 21 എംഎല്‍എമാരുടെ പിന്തുണയുണ്ടായിരുന്നു. പക്ഷെ അവരുടെ ഒപ്പില്ലായിരുന്നു.
ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാനുള്ള ചുമതല സിങ്ങിനെയും വേണുഗോപാലിനെയുമാണ് ഏല്‍പ്പിച്ചിരുന്നത്. അവര്‍ അന്നു രാത്രി തന്നെ തീരുമാനം എടുക്കേണ്ടിയിരുന്നു. സിങ്ങും വേണുഗോപാലും ചെല്ലകുമാറും ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായിയെ കണ്ട് സഖ്യത്തില്‍ ചേരാന്‍ പറഞ്ഞിരുന്നു. പക്ഷെ പിന്നെ തീരുമാനമൊന്നും ഉണ്ടായില്ല. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ തീരുമാനമെടുക്കാന്‍ ഞാനാണ് പോയിട്ടുള്ളത്.
ഉടനുടന്‍ തീരുമാനങ്ങള്‍ എടുത്തിരുന്നു. അദ്ദേഹം പറഞ്ഞു. രാഹുല്‍ പ്രവര്‍ത്തിക്കുന്നില്ല, തീരുമാനമെടുക്കുന്നില്ല. അതാണ് പ്രശ്‌നം. പലകുറി ഞാന്‍ ഇക്കാര്യം രാഹുലിനോട് തന്നെ പറഞ്ഞതുമാണ്. ദ്വിഗ്‌വിജയ്‌സിങ്ങ് പറയുന്നു. പാര്‍ട്ടിയില്‍ പൊളിച്ചടുക്ക് വേണം. ഉപാദ്ധ്യക്ഷന്‍ കൃത്യമായ തീരുമാനങ്ങള്‍ എടുക്കണം. പാര്‍ട്ടി കാലത്തിനൊത്ത് മാറണം. സിങ്ങ് പൊതുപരിപാടിയില്‍ പങ്കെടുത്ത് പറഞ്ഞു.
















