ഇസ്ലാമാബാദ്: ഇന്ത്യന്‍ പ്രത്യാക്രമണത്തില്‍ പാക് യുവാക്കള്‍ മരിക്കാനിടയായ സാഹചര്യത്തെ കുറിച്ച് ഇന്ത്യയോട് വിവരങ്ങള്‍ ആരാഞ്ഞ് പാക്കിസ്ഥാന്‍. അതിര്‍ത്തിയില്‍ പാക്ക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് പാക് സ്വദേശികള്‍ കൊല്ലപ്പെട്ടത്.
വഖാര്‍ യൂനിസ്, അസാദ് അലി എന്നിവര്‍ കൊല്ലപ്പെടുകയും മറ്റ് മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് പാക്കിസ്ഥാന്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇന്നും പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ശക്തമായ വെടിവയ്‌പ്പാണ് ഇന്ത്യന്‍ ജനവാസമേഖലകള്‍ക്കും സൈനിക പോസ്റ്റുകള്‍ക്കും നേരെ ഉണ്ടായത്. ഇന്ത്യന്‍ സേനയും കനത്ത പ്രത്യാക്രമണം നടത്തുന്നുണ്ട്. ഇന്ത്യയുടെ ശക്തമായ തിരിച്ചടിയാണ് പാക്കിസ്ഥാന്റെ പുതിയ നീക്കത്തിന് പിന്നിലെന്നും സൂചനയുണ്ട്.
നൗഷേര സെക്ടറിലും പൂഞ്ചിലുമാണ് രാവിലെ പാക് സൈന്യം വെടിവയ്‌പ്പും മോര്‍ട്ടര്‍ ഷെല്ലാക്രമണവും നടത്തിയത്. ജൂണ്‍ ഒന്നു മുതല്‍ ഇതുവരെ ഒന്‍പത് തവണയാണ് കെജി സെക്ടറില്‍ മാത്രം പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയത്.
പാക്ക് സൈന്യത്തിന്റെ പിന്തുണയോടെ നിയന്ത്രണരേഖ കടക്കാന്‍ ശ്രമിച്ച പതിനഞ്ചോളം പാക് ഭീകരരെ ഇന്ത്യന്‍ സേന കഴിഞ്ഞ ദിവസങ്ങളില്‍ വധിച്ചിരുന്നു.
















