ന്യൂദല്‍ഹി: മുസ്ലിം സമുദായത്തിലെ വിവാഹമോചന രീതിയായ മുത്തലാക്ക് നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മുത്തലാക്ക് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതിയില്‍ നിലപാടെടുത്ത കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അഭിനന്ദിച്ച് മുസ്ലിം വനിതകള്‍ ദല്‍ഹിയില്‍ പരിപാടി സംഘടിപ്പിച്ചു. രാജ്യമെമ്പാടുമുള്ള മുസ്ലിം വനിതാ അഭിഭാഷകരും സാമൂഹ്യപ്രവര്‍ത്തകരുമാണ് ദല്‍ഹിയില്‍ ഒത്തുചേര്‍ന്നത്.
സബ്കാ സാത്ത് സബ്കാ വികാസ്, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ, മോദിക്കൊപ്പം തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പരിപാടി. ”ബിജെപി മുസ്ലിങ്ങള്‍ക്കെതിരല്ലെന്ന് ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുകയാണ്. അതിനാലാണ് യുപിയില്‍ ബിജെപിക്ക് വലിയ വിജയം നേടാന്‍ സാധിച്ചത്. മുസ്ലിം സ്ത്രീകളുള്‍പ്പെടെ ഇത്തവണ ബിജെപിക്ക് വോട്ടു ചെയ്തു”. പരിപാടിയില്‍ പങ്കെടുത്ത ദല്‍ഹി കശ്മീരി ഗേറ്റ് സ്വദേശിനിയായ ഷെഹ്നാസ് അഫ്സല് പറഞ്ഞു. ”മുത്തലാക്ക് സമുദായത്തിന് അപമാനമാണ്. പൊക്കമില്ലെന്നും സുന്ദരിയല്ലെന്നും പാചകമറിയില്ലെന്നും ആരോപിച്ച് മൂന്ന് തവണ തലാക്ക് ചൊല്ലി പുരുഷന്മാര് വിവാഹബന്ധം അവസാനിപ്പിക്കുന്നു. ഇതൊക്കെ വിവാഹമോചനമത്തിനുള്ള കാരണങ്ങളാണോ”. റഹ്മാനി ചോദിക്കുന്നു.
”മുത്തലാക്കിന് ഇരയാകുന്ന സ്ത്രീകളെ പിന്നീട് സമുദായമോ കുടുംബമോ സംരക്ഷിക്കുന്നില്ല. അവര്‍ നരകജീവിതമാണ് നയിക്കുന്നത്. പരാതിപ്പെട്ടാല്‍ പോലീസില്‍ നിന്നും നീതി ലഭിക്കന്നില്ല”. ഫാത്തിമ ബീഗം ചൂണ്ടിക്കാട്ടി. ”വിവാഹമോചനത്തിന് ശേഷം കുട്ടികള്‍ക്ക് വിധ്യാഭ്യാസം നല്‍കുന്നതിന് പോലും സ്ത്രീകള്‍ക്ക് സാധിക്കുന്നില്ല. ഇതിന് മാറ്റം വരണം. ഇത്തരത്തിലുള്ള സ്ത്രീകളെ സംരക്ഷിക്കുന്നതിനാണ് ഞങ്ങളുടെ പ്രവര്‍ത്തനം”. സൈമ നിസാമി പറഞ്ഞു.
മുത്തലാക്ക് നിയമവിരുദ്ധമാണെന്നും നിരോധിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. മുത്തലാക്കിനിരയായ സ്ത്രീകള്‍ യുപി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടുചെയ്തതായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ആര്‍എസ്എസ് അനുകൂല സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ച് മുത്തലാക്കിനെതിരെ നടത്തുന്ന ഒപ്പ് ശേഖരണത്തില്‍ പത്ത് ലക്ഷത്തിലേറെ മുസ്ലിങ്ങള്‍ ഒപ്പിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: