സത്യപ്രതിജ്ഞയ്‌ക്ക് ശേഷം യോഗി ആദിത്യനാഥ്, പ്രധാനമന്രി നരേന്ദ്ര മോദി, ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവര്‍ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു.
ന്യൂദല്‍ഹി: ഭാരത് മാതാ കീ ജയ്… ജയ് ശ്രീറാം… ലഖ്‌നൗവിലെ സ്മൃതി ഉപവന്‍ പാര്‍ക്കില്‍ ആഹ്ലാദാരവങ്ങള്‍ ആവേശക്കൊടുമുടിയേറി. 14 വര്‍ഷത്തെ ബിജെപിയുടെ രാഷ്‌ട്രീയ വനവാസം അവസാനിപ്പിച്ച് ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരമേറ്റു. ഒപ്പം രണ്ട് ഉപമുഖ്യമന്ത്രിമാരും 43 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
ഗവര്‍ണര്‍ രാം നായിക് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സന്യാസിമാരും സംബന്ധിച്ചു.
സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ, ലഖ്‌നൗ മേയര്‍ ദിനേശ് ശര്‍മ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായി ചുമതലയേറ്റു. 22 മന്ത്രിമാര്‍ കാബിനറ്റ് പദവിയുള്ളവരാണ്. ആറ് വനിതാ മന്ത്രിമാരാണുള്ളത്. മുന്‍ ക്രിക്കറ്റ് താരവും പാര്‍ട്ടി വക്താവുമായ മൊഹ്‌സിന്‍ റാസയാണ് മന്ത്രിസഭയിലെ മുസ്ലിം പ്രതിനിധി. സിദ്ധാര്‍ത്ഥ് നാഥ് സിങ്, ശ്രീകാന്ത് ശര്‍മ, റീത്ത ബഹുഗുണ ജോഷി, ചേതന്‍ ചൗഹാന്‍ തുടങ്ങിയ പ്രമുഖര്‍ മന്ത്രിമാരായി.
ചരിത്ര വിജയം ആഘോഷമാക്കി ഒരു ലക്ഷത്തിലേറെ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി, രാജ്‌നാഥ് സിങ്, വെങ്കയ്യ നായിഡു, മുരളീ മനോഹര്‍ ജോഷി, നിതിന്‍ ഗഡ്കരി, മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്, മുലായം സിങ് യാദവ് എന്നിവരും സന്യാസിമാരുടെ വലിയ സംഘവും സാക്ഷ്യം വഹിച്ചു.
ഉത്തര്‍പ്രദേശിനെ. ഉത്തമ പ്രദേശമായി മാറ്റിയെടുക്കുന്നതിനുള്ള അവസരം പുതിയ സര്‍ക്കാര്‍ നഷടപ്പെടുത്തില്ലെന്ന് ഉറപ്പുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ വികസനനയമാകും താന്‍ യുപിയില്‍ തുടരുകയെന്ന് ആദിത്യനാഥ് പറഞ്ഞു. ഗോരഖ്പൂര്‍ ക്ഷേത്രത്തിലെ മുഖ്യപുരോഹിതനും സന്യാസിയുമായ ആദിത്യനാഥ് നിലവില്‍ ലോക്‌സഭാ അംഗമാണ്. ഗോരഖ്പൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് അഞ്ച് തവണ തെരഞ്ഞെടുക്കപ്പെട്ടു.
പാവപ്പെട്ടവരുടെയും പിന്നോക്കക്കാരുടെയും വികസനമാണ് ലക്ഷ്യമെന്നും വിവേചനങ്ങളില്ലാത്ത ഭരണമാകും ഉത്തര്‍ പ്രദേശിലേതെന്നും മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ നടത്തിയ പത്രസമ്മേളനത്തില്‍ യോഗി ആദിത്യനാഥ്.
സര്‍ക്കാര്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കും. വിവേചനങ്ങള്‍ അവസാനിപ്പിക്കും. അഴിമതി നിറഞ്ഞ കുടുംബഭരണത്തില്‍ ജനങ്ങള്‍ ദുരിതത്തിലായിരുന്നു. ക്രമസമാധാന നില ഭദ്രമാക്കും. വാഗ്ദാനങ്ങള്‍ നിറവേറ്റുന്ന സര്‍ക്കാരാകും ഇത്. അദ്ദേഹം വ്യക്തമാക്കി.
















