ന്യൂദല്‍ഹി: സംവരണം ആവശ്യപ്പെട്ട് ജാട്ട് വിഭാഗം പ്രഖ്യാപിച്ച അനിശ്ചിതകാല സമരം 15 ദിവസത്തേക്ക് മാറ്റിവെച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറുമായി ജാട്ട് നേതാക്കള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. അന്തിമ നിലപാട് മാര്‍ച്ച് 26ലെ യോഗത്തില്‍ തീരുമാനിക്കുമെന്ന് സമരനേതാക്കള്‍ വ്യക്തമാക്കി. പ്രക്ഷോഭം ദല്‍ഹിയിലേക്ക് വ്യാപിപ്പിക്കാനായിരുന്നു സമരക്കാരുടെ പരിപാടി. ഇതിനിടെ ഹരിയാനയില്‍ സമരക്കാരും പോലീസും ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരിക്കേറ്റു.
സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണമാവശ്യപ്പെട്ട് ഓള് ഇന്ത്യ ജാട്ട് ആരക്ഷണ്‍ സംഘര്‍ഷ് സമിതിയുടെ ആഭിമുഖ്യത്തിലാണ് സമരം. ഇന്നുമുതല്‍ പാര്‍ലമെന്റിന് മുന്നില്‍ ധര്‍ണ്ണ നടത്താനും അതിര്‍ത്തികള്‍ ഉപരോധിക്കാനുമായിരുന്നു സമരക്കാരുടെ നീക്കം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമരം തടയാന്‍ കര്‍ശന നടപടികളാണ് പോലീസ് സ്വീകരിച്ചത്.
സമരക്കാരെ തടയുന്നതിനായി നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ പോലീസ് തീരുമാനിച്ചിരുന്നു. ദല്‍ഹിയിലെത്തുന്നതിന് മുന്‍പ് സമരക്കാരെ തടഞ്ഞ്് തിരിച്ചയക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. ദല്‍ഹിയിലെ എട്ട് സ്റ്റേഡിയങ്ങള്‍ താല്‍ക്കാലിക ജയിലുകളായി ലഫ്റ്റനന്റ് ഗവര്‍ണര്‍ പ്രഖ്യാപിച്ചു. മെട്രോ സര്‍വ്വീസ് നിര്‍ത്തിവെക്കാനും തീരുമാനിച്ചിരുന്നു.
പലയിടങ്ങളിലും ബാരിക്കേഡുകള്‍ സ്ഥാപിച്ചത് ഗതാഗതക്കുരുക്കിനിടയാക്കി. സമരക്കാരെ തടഞ്ഞതോടെയാണ് ഹരിയാനയില്‍ സംഘര്‍ഷം ആരംഭിച്ചത്. സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പോലീസിന് നേരെ കല്ലെറിയുകയും ബാരിക്കേഡ് തകര്‍ക്കുകയും ചെയ്തു. ഏതാനും വാഹനങ്ങള്‍ കത്തിച്ചു. ഇതോടെ പോലീസ് ലാത്തിച്ചാര്‍ജ്ജും ടിയര്‍ഗ്യാസും പ്രയോഗിച്ചു. നിരവധി സമരക്കാര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: