ന്യൂദല്‍ഹി: പാക്കിസ്ഥാനും ബംഗ്ലാദേശുമായി പങ്കിടുന്ന അന്താരാഷ്‌ട്ര അതിര്‍ത്തികള്‍ ഇന്ത്യ അടയ്‌ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ്. മധ്യപ്രദേശില്‍ തെകാന്‍പുര്‍ ബിഎസ്എഫ് അക്കാദമിയില്‍ നടന്ന അസിസ്റ്റന്റ് കമാന്റര്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റവും കള്ളക്കടത്തും ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തിലാണ് അതിര്‍ത്തി അടയ്‌ക്കാനുള്ള തീരുമാനം. ഭീകരവാദത്തിനെതിരായ ഈ നടപടി ഏറെ നിര്‍ണായകമാകുമെന്ന് കരുതപ്പെടുന്നതായും രാജ് നാഥ് സിങ് പറഞ്ഞു.
അതിര്‍ത്തി അടയ്‌ക്കുന്നതു സംബന്ധിച്ച നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും സുരക്ഷാ തലത്തില്‍ ബിഎസ്എഫും സംസ്ഥാന തലത്തില്‍ ചീഫ് സെക്രട്ടറിമാരുമാണ് നിരീക്ഷിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷാ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കുന്നതിന് വേണ്ട പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അത്തരത്തിലുള്ള പ്രകിയകളിലൂടെയാണ് സേന മുന്നോട്ടു വരേണ്ടതെന്നും രാജ്നാഥ് സിങ് പറഞ്ഞു.
അതിനിടെ, ബംഗ്ലാദേശുമായുള്ള അതിര്‍ത്തി അടയ്‌ക്കണമെന്ന് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും ബിഎസ്എഫിനോട് ആവശ്യപ്പെട്ടിരുന്നു. ബംഗ്ലദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റവും കള്ളക്കടത്തും വ്യാപകമായ പശ്ചാത്തലത്തിലായിരുന്നു ഇത്.
















