കോട്ടയം: ജില്ലയിലെ പോലീസ് സംവിധാനം ആധുനികവല്‍ക്കരണത്തിലേക്ക്. സ്ഥിരം ക്രിമിനലുകളുടെയും, മോഷ്ടാക്കളുടെയും ഡിജിറ്റല്‍ ഡേറ്റാ ബാങ്ക് തയാറാക്കുന്ന നടപടികള്‍ ആരംഭിച്ചതായി ജില്ലാ പോലീസ് മേധാവി എന്‍. രാമചന്ദ്രന്‍ പറഞ്ഞു.
പ്രൊഫഷണല്‍ മോഷ്ടാക്കളെ ജനങ്ങള്‍ക്ക് തിരിച്ചറിയുന്നതിന് സഹായകമായ നിലയില്‍ ഡേറ്റാ ബാങ്കിലെ വിവരങ്ങള്‍ പരസ്യപ്പെടുത്തും. സമീപ ജില്ലകളിലേക്കും വിവരങ്ങള്‍ കൈമാറും. ഇതിന് പുറമേ ബസ്, റെയില്‍വേ സ്‌റ്റേഷനുകള്‍ തുടങ്ങി ജനങ്ങള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളില്‍ പ്രത്യേക പോസ്റ്ററുകള്‍ സ്ഥാപിക്കും.
മഴക്കാലം മുതലാക്കുന്ന മോഷ്ടാക്കളുടെ നീക്കങ്ങള്‍ പോലീസ് നിരീക്ഷിച്ചുവരികയാണ്. തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമങ്ങള്‍, ശിവഗംഗ, രാമനാഥപുരം എന്നിവിടങ്ങളില്‍ നിന്നുള്ള മോഷ്ടാക്കളുടെ ഇഷ്ടതാവളങ്ങള്‍ കേരളം, കര്‍ണ്ണാടകം തുടങ്ങിയ സംസ്ഥാനങ്ങളാണ്. കോട്ടയത്ത് എത്തിയത് ശിവഗംഗയില്‍ നിന്നുള്ളവരാണ്.
















