തൊടുപുഴ: സംസ്ഥാന പാതയില്‍ വാഹനം വിലങ്ങി യുവാക്കളുടെ സിനിമാ സ്‌റ്റൈല്‍ സംഘട്ടനം. കാര്‍ മറികടക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് യുവാക്കള്‍ നടുറോഡില്‍ ഏറ്റുമുട്ടിയത്.
സംഭവത്തിലുള്‍പ്പെട്ട എട്ട് പേര്‍ക്കെതിരേ തൊടുപുഴ പോലീസ് കേസെടുത്തു. ഇന്നലെ വെകിട്ട് ആറ് മണിയോടെ വെങ്ങല്ലൂര്‍ സിഗ്‌നല്‍ ജംഗ്ഷനിലാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. വാഗമണ്ണിന് വിനോദയാത്ര പോയി തിരിച്ചുവരികയായിരുന്ന തൊടുപുഴ സ്വദേശികളും എറണാകുളം സ്വദേശികളും തമ്മിലാണ് ഏറ്റുമുട്ടിയത്. വരുന്ന വഴി കാര്‍ മറികടക്കുന്നതിനെ ചൊല്ലി ഇരുവിഭാഗങ്ങളും തമ്മില്‍ തെറിവിളിയും വാക്കേറ്റവുമുണ്ടായി.
തുടര്‍ന്ന് തൊടുപുഴ ഗാന്ധിസ്‌ക്വയറില്‍ വച്ച് ആദ്യം ഇരുവിഭാഗങ്ങള്‍ തമ്മില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് കാറെടുത്ത് വേഗം പോയ സംഘം വെങ്ങല്ലൂര്‍ സിഗ്‌നല്‍ ജംഗ്ഷനില്‍വച്ച് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. നാട്ടുകാര്‍ സംഘടിച്ചതിനെ തുടര്‍ന്ന് തൊടുപുഴ ട്രാഫിക് പൊലീസ് സ്ഥലത്തെത്തി യുവാക്കളെ വാഹനം സഹിതം കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് അടിപിടിയുണ്ടാക്കിയതിന് തൊടുപുഴ, എറണാകുളം സ്വദേശികളായ എട്ട് യുവാക്കള്‍ക്കെതിരെ കേസെടുത്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
















