മുംബൈ: മയക്കുമരുന്ന് കടത്തിന് മുംബൈയിലെ സമാജ്‌വാദി പാര്‍ട്ടി നേതാവ് അബു അസിം അസ്മിയുടെ അനന്തരവന്‍ അബു അസ്ലം അസ്മി അറസ്റ്റില്‍. മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ദല്‍ഹി പോലീസിന്റെ പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്.
വിപണിയില്‍ 40 കോടി രൂപ വില വരുന്ന അഞ്ച് കിലോ മയക്കുമരുന്ന് ദല്‍ഹിയില്‍ എത്തിച്ച കേസിലാണ് അറസ്റ്റ്. രാത്രികാല പാര്‍ട്ടികളില്‍ ഉപയോഗിക്കുന്ന ലഹരിമരുന്നാണിതെന്ന് ദല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സഞ്ജീവ് കുമാര്‍ പറഞ്ഞു. ചണ്ഡിഗഢില്‍ നിന്നുള്ള വ്യവസായി അമിത് അഗര്‍വാളും പിടിയിലായി. അമിതിന്റെ ഉടമസ്ഥതയിലുള്ള പ്രിഫര്‍ ലോജിസ്റ്റിസ്‌ക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കൊറിയര്‍ കമ്പനി വഴിയാണ് ഇത് ദല്‍ഹിയിലെത്തിച്ചത്.
ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് കള്ളക്കടത്തുകാരന്‍ കൈലാസ് രാജ്പുത്താണ് ഇവ ഇന്ത്യയിലെത്തിച്ചതെന്നും സഞ്ജീവ് കുമാര്‍ പറഞ്ഞു. കൈലാസിന്റെ ഇന്ത്യയിലെ വലം കൈയാണ് അസ്ലം അസ്മി. മുന്‍പ് കൈലാസ് മുംബൈ പോലീസിന്റെ പിടിയിലായപ്പോള്‍ സഹായിച്ചത് ഇയാളാണെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.
അതേസമയം, അസ്ലമിന്റെ ഇടപാടുകളുമായി ബന്ധമില്ലെന്ന് അബു അസ്മി പ്രതികരിച്ചു. തനിക്ക് ഏഴു സഹോദരന്മാരുണ്ടെന്നും അവരുടെ മക്കള്‍ എന്താണ് ചെയ്യുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
















