സ്വന്തം കുറവുകള്‍ മറ്റുള്ളവരില്‍ ആരോപിച്ച് വിദഗ്ധമായി രക്ഷപെടുന്ന ചില കൗശലക്കാരുണ്ട്. മെട്രോ നിര്‍മാണം കൊച്ചിയിലെ വെള്ളക്കെട്ട് രൂക്ഷമാക്കി എന്നുള്ള മേയര്‍ സൗമിനി ജെയിന്റെ കുറ്റപ്പെടുത്തല്‍ ഇത്തരം വിലകുറഞ്ഞ കൗശലമാണ്. ഇതിലൂടെ തന്നെ അധികാരത്തിലേറ്റിയ ജനങ്ങളെയാണ് അവര്‍ വിഡ്ഢികളാക്കുന്നത്. കൊച്ചി മെട്രോ ഇപ്പോഴുണ്ടായതാണ്. വെള്ളക്കെട്ട് ഇന്നലെ ഉണ്ടായതല്ല. പതിറ്റാണ്ടുകളായി വെള്ളക്കെട്ടുമൂലം കൊച്ചി ദുരിതത്തിലാണ്. അന്ന് മെട്രോ ഇല്ല. പിന്നെ എങ്ങനെ വെള്ളക്കെട്ടുണ്ടായി.
വെള്ളക്കെട്ടുണ്ടാക്കുന്നതു മഴയല്ല. നമ്മുടെ ജനപ്രതിനിധികളുടെ ഉദാസീനതയാണ്. വെള്ളക്കെട്ട് തടയാന്‍ മുന്നൊരുക്കമൊന്നും അവര്‍ ഇത്തവണയും ചെയ്തില്ല. വെറുതെ നിര്‍ദേശങ്ങള്‍ കൊടുത്തിട്ടു കാര്യമില്ല. അതു പ്രവര്‍ത്തിയായി മാറണം. ചെയ്തതാകട്ടെ തട്ടിക്കൂട്ടു പണികള്‍ മാത്രം. മഴ തുങ്ങിയപ്പോഴാണ് പലയിടത്തും കാനകളില്‍ നിന്നും മാലിന്യം കോരി പുറത്തുവെച്ചത്. അതാകട്ടെ മഴയത്ത് കാനയിലേക്കു തന്നെ ഒലിച്ചുപോയി. അങ്ങനെ പാഴായത് പണിമാത്രമല്ല പണവും. അടഞ്ഞു കിടക്കുന്ന കാനകളും പണിതീരാത്ത കലുങ്കുകളും വെള്ളമൊഴുകാത്ത കനാലുകളും വൃത്തിയാക്കാതെ ഒരു ചെറുമഴയില്‍ തന്നെ നഗരം മുങ്ങുന്ന അവസ്ഥ പണ്ടു മുതലേ ഉണ്ട്. മഴവെള്ളം വീടുകളിലേക്കു തന്നെ ഇരച്ചുകേറി കാത്തിരുന്ന മഴ ശാപമായി തീര്‍ന്നിട്ടുമുണ്ട് പലര്‍ക്കും.
അനാസ്ഥയുടെ പേരില്‍ വകുപ്പുകള്‍തമ്മിലുള്ള ആരോപണ പ്രത്യാരോപണ വ്യവസായങ്ങളാണ് കൂടുതലും ഇവിടെ നടക്കുന്നത.് വെള്ളക്കെട്ടിന്റെ കാര്യത്തിലും അതു തന്നെയാണ്. കൊച്ചി കോര്‍പ്പറേഷനെക്കൊണ്ട് സമൂഹത്തിനു നേട്ടങ്ങളെക്കാള്‍ കൂടുതലും ഉണ്ടായിട്ടുള്ളത് കോട്ടങ്ങള്‍ തന്നെയാണ്. കേവലം രാഷ്‌ട്രീയക്കാര്‍ മാത്രമാണ് ഭരിക്കുന്നതെന്നതുകൊണ്ടും പരമാവധി ജോലിയെടുക്കാതിരിക്കുന്നതു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നയമാക്കിയതുംകൊണ്ടാണിത്.
വെള്ളക്കെട്ടു മാത്രമല്ല അങ്ങനെ അനവധി കുറവുകളുടെ സങ്കീര്‍ണ്ണതയാണ് കൊച്ചിക്കുള്ളത്. ജനത്തിന്റെ ആവശ്യങ്ങളും സൗകര്യങ്ങളും മനസിലാക്കി കാലോചിതമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയണം. പദവിയെക്കാള്‍ വലിയ ഉത്തരവാദിത്വമാണ് മേയറുടേത്. അത് പ്രവര്‍ത്തിക്കാനുള്ള ഉത്തരവാദിത്തമാണ്. പകരം മറ്റുള്ളവരില്‍ കുറ്റം ചാര്‍ത്താന്‍ ഉപയോഗിക്കുമ്പോള്‍ പദവിയുടെ നിലവാരം താഴ്ന്നുപോകാം.
















