സ്‌കൂളിലേക്ക് പോകാന്‍ ഗോത്രസാരഥിയെയും കാത്ത് കിഴക്കേ വെള്ളംതെറ്റി കോളനിയിലെ കുട്ടികള്‍
പത്തനാപുരം: പുതിയ ബാഗും കുടകളും പുത്തനുടുപ്പുമായി കാത്തിരിപ്പ് തുടങ്ങിയിട്ട് ആഴ്ചയൊന്നായി. അധ്യയനവര്‍ഷം ആരംഭിച്ചിട്ടും സ്‌കൂളില്‍ പോകാനാകാത്തതിന്റെ നിരാശയിലാണ് പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ കിഴക്കേ വെളളംതെറ്റി വനവാസി കോളനിയിലെ കുട്ടികള്‍.
പട്ടികവര്‍ഗ വകുപ്പിന്റെ അനാസ്ഥയില്‍ പഠനം മുടങ്ങിയത് പതിനഞ്ചോളം വിദ്യാര്‍ത്ഥിളുടെയാണ്. വാഹന സൗകര്യമില്ലാത്ത ഊരുകളിലെ കുട്ടികളെ സ്‌കൂളിലെത്തിക്കാന്‍ ആരംഭിച്ച പദ്ധതിയാണ് ഗോത്രസാരഥി. സ്‌കൂള്‍ തുറന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ജില്ലയിലെ ഒരു സ്‌കൂളിലും ഇതുവരെ പദ്ധതിക്കായി പട്ടികവര്‍ഗ വകുപ്പ് അപേക്ഷ പോലും ക്ഷണിച്ചിട്ടില്ല.
ഇനി സ്‌കൂളുകളില്‍ നിന്ന് അപേക്ഷയും വാഹന ഉടമകളില്‍ നിന്ന് ടെണ്ടറും ക്ഷണിച്ച് പദ്ധതി നടപ്പാക്കിവരുമ്പോഴേക്കും ആഗസ്റ്റ് മാസമെങ്കിലുമാകും. പട്ടികവര്‍ഗ വകുപ്പില്‍ നിന്നും ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് പാടം ഗവ. എല്‍പി സ്‌കൂള്‍ അധികൃതരും പറയുന്നു.
കിഴക്കേ വെളളംതെറ്റിയില്‍ നിന്നും പതിനഞ്ച് കുട്ടികളാണ് കഴിഞ്ഞ അധ്യയന വര്‍ഷം വരെ മുടങ്ങാതെ സ്‌കൂളില്‍ എത്തിയിരുന്നത്. വനത്തിലൂടെ ആറ് കിലോമീറ്റര്‍ കാല്‍നടയായി വേണം പാടം എല്‍പി സ്‌കൂളില്‍ എത്താന്‍. ആനയടക്കമുളള വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ പതിവായതിനാല്‍ ഊരുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ്. കഴിഞ്ഞ അധ്യയന വര്‍ഷത്തെ രണ്ട് മാസത്തെ കുടിശ്ശിക വാഹന ഉടമകള്‍ക്ക് നല്‍കാനുമുണ്ട്.
പട്ടികവര്‍ഗ വികസനവകുപ്പില്‍ നിന്ന് നിര്‍ദേശം ലഭിക്കാതെ പദ്ധതി ആരംഭിച്ചാല്‍ വാഹനത്തിന്റെ വാടകപ്പണം സ്‌കൂള്‍ അധികൃതര്‍ നല്‍കേണ്ടിവരും. വനവാസിക്കുട്ടികള്‍ക്ക് ഏറെ പ്രയോജനം ചെയ്തിരുന്ന പദ്ധതിയാണ് താളം തെറ്റിയത്. മേയ് മാസത്തില്‍ തന്നെ അപേക്ഷ ക്ഷണിച്ച് അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ നടപ്പാക്കേണ്ട പദ്ധതിയാണ് തുലാസിലായത്. വനംസംരക്ഷണ സമിതി നല്‍കിയ പഠനോപകരണങ്ങളുമായി സ്‌കൂളില്‍ പോകാനായി വാഹനവും കാത്തിരിക്കുകയാണ് ഊരിലെ കുട്ടികള്‍.
















