കല്‍പ്പറ്റ : കാട്ടാനകളുടെ തോഴി ലക്ഷ്മി അവ്വ(72) ഇനി ഓര്‍മ്മ. അറിയില്ലേ കോട്ടപ്പാടി ലക്ഷ്മി അവ്വയെ. വയനാട്ടിലെ വനാന്തരത്തില്‍ കാട്ടാനകളോടും കടുവകളോടുമൊപ്പം സഹവസിച്ച് അന്‍പത് വര്‍ഷം ഏകാന്ത കാനന വാസം നയിച്ച ധീരമാതാവിനെ. ആ ലക്ഷ്മി അവ്വയാണ് കഴിഞ്ഞ ദിവസം വിട പറഞ്ഞത്.
‘ഗണേശാ മാറടാ’ എന്ന അവ്വയുടെ ശബ്ദം കേട്ടിട്ടുള്ള ദേശവാസികള്‍ നിരവധിയാണ്. ആടിനെയും പട്ടിയെയും അകറ്റുന്നതുപോലെയാണ് അവ്വ, ആനകളെയും കടുവകളെയും അകറ്റി പാത തെളിച്ചത്. അവ്വയ്‌ക്കു മുന്നില്‍ വന്യമൃഗങ്ങളെല്ലാം വിനയാന്വിതര്‍.
അവ്വ നല്‍കുന്ന നാളികേരവും പഴങ്ങളും ഭക്ഷിക്കാത്ത വന്യജീവികള്‍ പനവല്ലി കാട്ടില്‍ വിരളം. പതിനഞ്ച് വര്‍ഷം മുമ്പ് ഒരു കടുവയേയും മൂന്ന് കുട്ടികളേയും പനവല്ലിക്കാര്‍ കണ്ടിരുന്നു. പിന്നീടാണറിഞ്ഞത് അവ്വയുടെ വീടിനു പിറകിലായിരുന്നു ഇവരുടെ താമസമെന്ന്. വല്ലപ്പോഴും അവ്വയ്‌ക്ക് റേഷനരിയും മറ്റും എത്തിച്ചുനല്‍കിയിരുന്ന വനപാലകരും നാട്ടുകാരുമാണ് ഈ കഥകളൊക്കെ നാട്ടിലെത്തിച്ചത്.
ഭര്‍ത്താവ് ദാസന്‍ ചെട്ടി പതിനെട്ട് വര്‍ഷം മുമ്പ് മരിച്ചു. ഭര്‍ത്താവിന്റെ കുഴിമാടത്തിനരികെ തന്നെയും സംസ്‌കരിക്കണമെന്നാണ് അവ്വയുടെ ആഗ്രഹം. എന്നാല്‍ നടന്നില്ല. വനത്തിനകത്ത് സംസ്‌ക്കരിക്കുന്നതില്‍ വനപാലകര്‍ എതിര്‍പ്പറിയിച്ചു. അതോടെ വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ പുനരധിവാസത്തിന്റെ ഭാഗമായി അവ്വയ്‌ക്കുനല്‍കിയ പനവല്ലിയിലെ വീട്ടുമുറ്റത്തുതന്നെ അവരെ സംസ്‌ക്കരിക്കുകയായിരുന്നു. അവസാന നാളുകളില്‍ അവ്വയെ പരിചരിച്ചത് ചക്കിണി നാരായണന്‍ എന്ന പ്രദേശവാസിയായിരുന്നു. ആരോഗ്യവകുപ്പും വനംവകുപ്പും അവരുടെ കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നു.
















