വാഷിങ്ടണ്‍: കോള്‍ സെന്റര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ നാല് ഇന്ത്യാക്കാരും പാകിസ്ഥാന്‍കാരനും അടക്കം അഞ്ചു പേര്‍ കുറ്റക്കാരാണെന്ന് യു.എസ് നീതിന്യായ കോടതി. രാജുഭായ് പട്ടേല്‍ (32), വിരാജ് പട്ടേല്‍ (33), ദിലീപ് കുമാര്‍ അംബല്‍ പട്ടേല്‍ (53) എന്നീ ഇന്ത്യാക്കാരും പാകിസ്ഥാന്‍ പൗരനായ ഫഹദ് അലി (25)യുമാണ് കുറ്റക്കാരെന്ന് യു.എസ് കോടതി കണ്ടെത്തിയത്.
സാമ്പത്തിക തിരിമറിയാണ് ഇവര്‍ക്കെതിരായ പ്രധാന കുറ്റം. ഇവരുടെ ശിക്ഷ പിന്നീട് വിധിക്കും. ഈ കേസില്‍ ഹര്‍ദിക് പട്ടേല്‍ (31) എന്നയാളെ ഗൂഢാലോചന നടത്തിയതിന് ജൂണ്‍ രണ്ടിന് കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.
മഹാരാഷ്‌ട്ര, ദല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളിലെ അനധികൃത കോള്‍ സെന്ററുകളിലെ ജീവനക്കാര്‍ യുഎസ് പൗരന്മാരില്‍നിന്നു കോടിക്കണക്കിനു രൂപ തട്ടിയെടുത്തെന്നാണു പരാതി. ആദായനികുതി വകുപ്പില്‍നിന്നാണെന്നു തെറ്റിധരിപ്പിച്ചാണു തട്ടിപ്പിനു കളമൊരുക്കിയത്. ഹര്‍ദിക് പട്ടേലിന്റെ നേതൃത്വത്തിലാണു കോള്‍ സെന്റര്‍ നടത്തിയിരുന്നത്.
നികുതികുടിശ്ശിക അടയ്‌ക്കുന്നതില്‍ വീഴ്ച വരുത്തിയവരെ തിരഞ്ഞുപിടിച്ച് ഫോണ്‍ ചെയ്തായിരുന്നു ഇരകളാക്കിയത്. അമേരിക്കന്‍ ഇംഗ്ലിഷ് ശൈലിയില്‍ സംസാരിക്കാന്‍ പ്രത്യേക പരിശീലനം നല്‍കിയവരെയാണു തട്ടിപ്പിനു നിയോഗിച്ചത്. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുമെന്ന ഭീഷണിക്കൊടുവില്‍ ഒത്തുതീര്‍പ്പിനായി തങ്ങള്‍ ആവശ്യപ്പെടുംവിധം പണം കൈമാറാന്‍ ആവശ്യപ്പെടുകയാണു രീതി.
ഇമെയില്‍, മൊബൈല്‍ സന്ദേശം എന്നിവയിലൂടെയാണു കമ്പനി മാനേജരായ ഹര്‍ദിക് പട്ടേല്‍ യുഎസ് പൗരന്‍മാരെ ബന്ധപ്പെട്ടിരുന്നത്. ഇല്ലിനോയിസ് കേന്ദ്രീകരിച്ചാണ് രാജുഭായ് പട്ടേല്‍ പ്രവര്‍ത്തിച്ചിരുന്നത്. 2013 മുതല്‍ തട്ടിപ്പില്‍ പങ്കാളിയായ വിരാജ് പട്ടേലാണു കോള്‍ സെന്ററുകളുടെ ഇന്ത്യയിലെ പ്രവര്‍ത്തനത്തിനു മേല്‍നോട്ടം വഹിച്ചത്. തെക്കന്‍ കലിഫോര്‍ണിയ കേന്ദ്രീകരിച്ചാണു ദിലീപ്കുമാര്‍ തട്ടിപ്പുനടത്തിയത്. ചിക്കാഗോയിലാണു ഫഹദ് അലി കേന്ദ്രീകരിച്ചത്.
















