ദുബായ്: ഖത്തര്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് അയല്‍ രാജ്യങ്ങള്‍ ശ്രമം തുടങ്ങി. തുര്‍ക്കിയും കുവൈറ്റുമാണ് മധ്യസ്ഥശ്രമങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുന്ന തുര്‍ക്കിയാണ് മധ്യസ്ഥശ്രമങ്ങളുമായി ആദ്യം രംഗത്തെത്തിയത്.
ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരത്തിന് എല്ലാ കക്ഷികളും തയാറാകണമെന്ന് തുര്‍ക്കി അഭ്യര്‍ഥിച്ചു.പ്രശ്‌നപരിഹാരത്തിനായി ഇടപെടണമെന്ന് കുവൈറ്റിലെ പാര്‍ലമെന്റ് അംഗങ്ങള്‍ ഭരണനേതൃത്വത്തോട് ആവശ്യപ്പെട്ടു. അമേരിക്കയും റഷ്യയും പ്രശ്‌നപരിഹാരത്തിനായി ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം, നയതന്ത്ര ബന്ധം വിച്ഛേദിച്ച നടപടിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഖത്തര്‍ മന്ത്രിസഭ അറിയിച്ചു.
അതിനിടെ, സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്കുള്ള വിമാനസര്‍വീസുകള്‍ അവസാനിപ്പിച്ചു. അബുദാബിയില്‍ നിന്നുള്ള എത്തിഹാദ് എയര്‍വെയ്‌സ് ദോഹയിലേക്കും തിരിച്ചും ചൊവ്വാഴ്ച മുതല്‍ സര്‍വീസ് നടത്തില്ല.
ദുബായില്‍നിന്ന് ദോഹയിലേക്കു സര്‍വീസ് നടത്തുന്ന ഫ്‌ലൈ ദുബായിയും ചൊവ്വാഴ്ച മുതല്‍ സര്‍വീസ് നിര്‍ത്തിവെയ്‌ക്കും. ദുബായില്‍ നിന്ന് ദോഹയിലേക്കുള്ള അവസാന എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ സര്‍വീസ് നാളെ പുലര്‍ച്ചെ 2.30ന് ആയിരിക്കും സര്‍വീസ് നടത്തുക.
എത്തിഹാദിലും എമിറേറ്റ്‌സിലും ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്തും. സൗദിയ, ഗള്‍ഫ് എയര്‍, ഈജിപ്ത് എയര്‍ എന്നീ വിമാനക്കമ്പനികളും സര്‍വീസ് നിര്‍ത്തിവെക്കാന്‍ തയാറെടുക്കുന്നുണ്ട്. അതേ സമയം ഖത്തര്‍ എയര്‍വെയ്‌സ് സൗദിയിലേക്കുള്ള എല്ലാ വിമാനസര്‍വീസുകളും നിര്‍ത്തിവച്ചു.
















