ആലുവ: ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ യാത്രക്കാരുടെ ഇരിപ്പിടം കയ്യേറിയ കച്ചവടക്കാരെ ഒഴിപ്പിച്ചു. ഇരിപ്പിടം കച്ചവടക്കാര്‍ കയ്യേറിയ മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചത്. കെഎസ്ആര്‍ടിസി അധികൃതര്‍ കച്ചവടക്കാര്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും ഒഴിപ്പിച്ചിരുന്നില്ല.
യാത്രക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള സൗകര്യങ്ങള്‍ നിഷേധിക്കാന്‍ ആരെയും അനുവദിക്കരുതെന്ന് എംഎല്‍എ എടിഒക്ക് നിര്‍ദ്ദേശം നല്‍കി. ഇരിപ്പിടം കൈവശപ്പെടുത്തിയതിനെതിരെ പൗരാവകാശ സംരക്ഷണ സമിതി സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്നും അറിയിച്ചിരുന്നു. സ്റ്റാന്റിനകത്തെ കോണ്‍ക്രീറ്റ് തൂണുകള്‍ക്ക് ചുറ്റുമാണ് യാത്രക്കാര്‍ക്ക് ഇരിപ്പിടമുള്ളത്. സ്റ്റാളുകള്‍ക്ക് സമീപമുള്ള തൂണുകളാണ് കച്ചവട സാധനങ്ങള്‍ നിരത്തിവച്ച് കച്ചവടക്കാര്‍ കയ്യേറിയത്.
















