കണ്ണൂര്‍: കേരളത്തില്‍ ആരംഭിച്ചിരിക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം രണ്ടാം വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ന്‍ അഭിപ്രായപ്പെട്ടു. ആറളം ഫാം ഹൈസ്‌ക്കൂളിലെ വിദ്യാര്‍ഥികള്‍ക്കായി ജില്ലാ പഞ്ചായത്തിന്റെയും ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്ററിന്റെയും ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സൗജന്യ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐക്യ കേരളപ്പിറവിക്കുശേഷം നാളിതുവരെ കണ്ടിട്ടില്ലാത്ത വിദ്യാഭ്യാസ പ്രചോദിതമായ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ എമ്പാടും നടക്കുന്നത്. ഒട്ടേറെ സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകള്‍ ഏഴും പത്തും വിദ്യാര്‍ഥികള്‍ മാത്രമായി അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു. എന്നാല്‍ ഈ വര്‍ഷം പുതുതായി വിദ്യാര്‍ഥികള്‍ ഈ സ്‌കൂളിലേക്ക്‌പോലും ഒഴുകിയെത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അക്ഷരാര്‍ഥത്തില്‍ പൊതുവിദ്യാഭ്യാസ രംഗത്ത് സമഗ്രമായ മുന്നേറ്റത്തിലേക്ക് കേരളം പ്രവേശിച്ചിരിക്കുകയാണ്.
പൊതുവിദ്യാലയങ്ങളുടെ ഭൗതിക നിലവാരം ഉയര്‍ത്തുന്നതിന് ആദ്യഘട്ടമായി 40 ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍ക്ക് അഞ്ച് കോടി രൂപ വീതം കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കൃത്യമായ പദ്ധതി സമര്‍പ്പിച്ച മുഴുവന്‍ സ്‌കൂളുകള്‍ക്കും ഈ തുക അനുവദിച്ച് പ്രവൃത്തി ആരംഭിക്കാന്‍ കിഫ്ബിയുടെ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിക്കഴിഞ്ഞുവെന്നും സ്പീക്കര്‍ പറഞ്ഞു.
സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ റാങ്ക് നേടിയ ജില്ലയില്‍ നിന്നുള്ള അതുല്‍ ജനാര്‍ദനന്‍, ആല്‍ബര്‍ട്ട് ജോണ്‍ എന്നിവരെ പരിപാടിയില്‍ അനുമോദിച്ചു. ഇവര്‍ക്ക് സ്പീക്കര്‍ പിശ്രീരാമകൃഷ്ണന്‍, പി.കെ.ശ്രീമതി എന്നിവര്‍ ചേര്‍ന്ന് ജില്ലാ പഞ്ചായത്തിന്റെ ഉപഹാരം സമ്മാനിച്ചു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ ശോഭ, ടി.ടി.റംല, വി.കെ സുരേഷ് ബാബു, ജില്ലാ പഞ്ചായത്ത് അംഗം അജിത് മാട്ടൂല്‍, സെക്രട്ടറി രാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കെ.മഹേഷ് കുമാര്‍ പദ്ധതി വിശദീകരിച്ചു. ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്റര്‍ എംഡി കെ.അബ്ദുള്‍ റസാഖ് സ്വാഗതവും ജനറല്‍ മാനേജര്‍ സുര്‍ജിത് ജെയിംസ് നന്ദിയും പറഞ്ഞു.
















