കാഞ്ഞാര്‍: കാഞ്ഞാര്‍- കുടയത്തൂര്‍ മേഖലയില്‍ തെരുവ് നായ ശല്യം രൂക്ഷമായി. നിരവധി നായകളാണ് നിരത്ത് കൈയ്യടക്കി പായുന്നത്. സ്‌കൂള്‍ തുറന്നതോടെ തെരുവ് നായകള്‍ റോഡുകള്‍ കൈയടക്കുന്നത് ആശങ്കയോടെയാണ് രക്ഷിതാക്കള്‍ കാണുന്നത്. തെരുവുനായ ശല്യം രൂക്ഷമായിട്ടും ശക്തമായ നടപടി സ്വീകരിക്കുവാന്‍ അധികൃതര്‍ സ്വീകരിക്കുന്നില്ല. നിരവധി അറവ് ശാലകളാണ് റോഡരികില്‍ പ്രവര്‍ത്തിക്കുന്നത്.
ഇതും നായ ശല്യം രൂക്ഷമാകുന്നതിന് കാരണമാണ്. മലങ്കര ജലാശയത്തോട് ചേര്‍ന്ന് ആള്‍ താമസം കുറഞ്ഞ പ്രദേശത്ത് വ്യാപകമായി മാലിന്യം തള്ളുന്നുണ്ട്. കൂട്ടമായി എത്തുന്ന ഇവ കാല്‍നടയാത്രക്കാര്‍ക്ക് ഏറെ ഭീതി ഉയര്‍ത്തുന്നു. സ്‌കൂള്‍ തുറക്കുന്നതോടെ കുട്ടികളെ എങ്ങനെ സ്‌കൂളില്‍ വിടും എന്ന ആശങ്കയിലാണ് മാതാപിതാക്കള്‍.
തെരുവ് നായകള്‍ അക്രമ സ്വഭാവം കാണിക്കുമ്പോള്‍ മാത്രം നടപടി സ്വീകരിക്കുന്ന അധികൃതര്‍ പിന്നെ ഈ വിഷയത്തില്‍ ഇടപെടില്ല. അതിനാല്‍ തെരുവുനായ ശല്യത്തിന് ശ്വാശ്വത പരിഹാരമാകുന്നില്ല. ഇറച്ചി കടകളില്‍ നിന്നും പുറം തള്ളുന്ന മാലിന്യം ഭക്ഷിക്കാന്‍ എത്തുന്ന നായക്കൂട്ടം പരസ്പരം കലഹിച്ച് ഭീതി പരത്തുന്നതും നിത്യസംഭവമാണ്. ശക്തമായ നടപടിയിലൂടെ തെരുവുനായ ശല്യം ഇല്ലാതെയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
















