കണ്ണൂര്‍: നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ മാതാവ് അറസ്റ്റിലായി. അഴീക്കോട് മീന്‍കുന്ന് റോഡിലെ കോട്ടയില്‍ ഹൗസില്‍ നമിത (33) ആണ് റിമാന്റിലായത്. ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയാണ് 21 ദിവസം പ്രായമായ കുഞ്ഞിനെ ഇവര്‍ കൊലപ്പെടുത്തിയത്. ഇവരുടെ ഭര്‍ത്താവ് കക്കാട് അതിരകത്തെ ഷനില്‍ വിദേശത്താണ്. കഴിഞ്ഞ ജനുവരിയില്‍ നാട്ടില്‍ വന്ന് ഫെബ്രുവരിയില്‍ ഗള്‍ഫിലേക്ക് മടങ്ങിയതായിരുന്നു ഷനില്‍. ഈമാസം ആദ്യമാണ് നമിത പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വയറുവേദനയാണെന്നുപറഞ്ഞ് സ്വന്തം വീട്ടിലേക്ക് പോയി ആശുപത്രിയില്‍ അഡ്മിറ്റാവുകയായിരുന്നു. കുഞ്ഞ് തന്റേതല്ലെന്ന നിലപാടിലാണ് ഭര്‍ത്താവ്. ഷനിലിന്റെ ഒരു സുഹൃത്തിനെ സംശയിക്കുന്നതായും പോലീസ് പറഞ്ഞു. എന്നാല്‍ ഭര്‍തൃ പിതാവാണ് ഉത്തരവാദിയെന്ന് യുവതി ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഡിഎന്‍എ ടെസ്റ്റിന് വിധേയമാക്കാന്‍ തീരുമാനിച്ചിരുന്നു. അതോടെ യഥാര്‍ത്ത വസ്തുത പുറത്താകുമെന്ന ഭയത്തോടെ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച മൊഴി.
പാലുകൊടുക്കുമ്പോള്‍ തുണി മുഖത്തിട്ട് ശ്വാസംമുട്ടിച്ച് കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. അഞ്ച് ദിവസം മുമ്പ് നാട്ടിലെത്തിയ ഭര്‍ത്താവും ബന്ധുക്കളും മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് കുഞ്ഞിന്റെ മരണത്തിലെ ദുരൂഹത നീങ്ങിയത്. നമിതക്ക് പത്ത് വയസ്സുള്ള മറ്റൊരു കുട്ടികൂടിയുണ്ട്.
















