കണ്ണൂര്‍: കണ്ണൂര്‍ സിറ്റിയില്‍ പശുവിനെ പരസ്യമായി വെട്ടിക്കൊന്ന സംഭവത്തിലെ പ്രതികളായ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോലീസ് ചാര്‍ജ്ജ് ചെയ്ത കേസില്‍ മറ്റൊരു വകുപ്പുകൂടി കൂട്ടിച്ചേര്‍ത്തു. വളര്‍ത്തു മൃഗങ്ങള്‍ക്കെതിരെ പരസ്യമായി ക്രൂരത കാണിച്ചത് സംബന്ധിച്ചാണ് കേസില്‍ കുറ്റം കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.
പശുവിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കെഎല്‍ 13 എജി 7625 നമ്പര്‍ പിക്കപ്പ് വാനാണ് കസ്റ്റഡിയിലെടുത്തത്. സിറ്റി സിഐ കെ.വി.പ്രമോദാണ് കേസ് അന്വേഷിക്കുന്നത്.
അതേസമയയം കേസില്‍ പ്രതികളായ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യുന്നത് വൈകുന്നത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പോലീസും കോണ്‍ഗ്രസ് നേതൃത്വവും തമ്മിലുളള ഒത്തുകളിയുടെ ഭാഗമാണ് അറസ്റ്റ് വൈകുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോഷി കണ്ടത്തില്‍, അഴീക്കോട് ബ്ലോക്ക് പ്രസിഡന്റ് ഷറഫുദ്ദീന്‍ കാട്ടാമ്പള്ളി എന്നിവര്‍ക്കെതിരെയാണ് കേസ്. പ്രതികളെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. പശുവിനെ പരസ്യമായി വെട്ടിക്കൊന്ന സംഭവം വിവാദമായതോടെയായിരുന്നു നടപടി.
കാലിച്ചന്തകള്‍ വഴിയുള്ള അറവുമാടുകളുടെ വില്‍പ്പന കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച നടപടിയില്‍ പ്രതിഷേധിച്ചു കൊണ്ട് കഴിഞ്ഞ 27 നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുട നേതൃത്വത്തില്‍ കണ്ണൂര്‍ സിറ്റിയില്‍ പശുവിനെ പരസ്യമായി വെട്ടിക്കൊന്ന് ഇറച്ചി വിതരണം ചെയ്തത്.
















