പാനൂര്‍: ആരോഗ്യമന്ത്രിയുടെ മണ്ഡലത്തില്‍ മരുന്നിനായി വരിനില്‍ക്കേണ്ടത് മണിക്കൂറുകളോളം. രോഗികള്‍ ദുരിതത്തില്‍. പാനൂര്‍ താലൂക്ക് ആശുപത്രിയിലെത്തുന്നവര്‍ ഒപി ടിക്കറ്റെടുത്ത് ഡോക്ടറുടെ സേവനം തേടിയ ശേഷം കുറിപ്പടിയുമായി ഫാര്‍മസിയുടെ മുന്നിലെത്തുമ്പോള്‍ ക്യൂ കണ്ട് ബോധം പോകേണ്ട അവസ്ഥയാണ്.
ദിനംപ്രതി 600ഓളം രോഗികള്‍ ചികിത്സയ്‌ക്കായി എത്തുന്ന ആശുപത്രിയില്‍ ഒരു ഫാര്‍മസിസ്റ്റ് മാത്രമാണുളളത്. താല്‍ക്കാലിക ജീവനക്കാരനായി ദിവസവേതനത്തില്‍ ഒരാളെ നിശ്ചയിച്ചെങ്കിലും അയാള്‍ മെഡിക്കല്‍ ഓഫീസറെ അറിയിക്കാതെ ലീവെടുത്തിരിക്കുകയാണ്. ബുധനാഴ്ച പ്രമേഹം, ഹൃദയസംബന്ധമായ പരിശോധനകള്‍ തുടങ്ങിയതു നടക്കുന്നതിനാല്‍ 1200ഓളം രോഗികള്‍ ആശുപത്രിയിലെത്തും. അന്നത്തെ ദിവസമുളള തിരക്ക് നിയന്ത്രണാതീതമാണ്. മൂന്നുപേരുടെ സേവനം വേണ്ടിടത്താണ് ഒരു ഫാര്‍മസിസ്റ്റ് ജോലി ചെയ്യുന്നത്. പന്ന്യന്നൂര്‍, കുന്നോത്ത്പറമ്പ്, തൃപ്പങ്ങോട്ടൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെ ഫാര്‍മസിസ്റ്റുകളെ വിളിച്ച് സേവനം തേടിയാണ് ചില ദിവസങ്ങളില്‍ ഒഴിവു നികത്തുന്നതെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ:എന്‍.അനില്‍കുമാര്‍ ജന്മഭൂമിയോട് പറഞ്ഞു. ഒരാഴ്ചക്കുളളില്‍ ഒഴിവു നികത്താനുളള നടപടി ഡിഎംഒ കൈക്കൊളളുമെന്നറിയിച്ചിട്ടുണ്ടെന്നും അല്ലാത്തപക്ഷം താല്‍ക്കാലിക ജീവനക്കാരെ നിയമിച്ച് പ്രശ്‌നപരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. കാലവര്‍ഷം അടുത്തതോടെ പകര്‍ച്ചപ്പനിയും മറ്റു രോഗങ്ങളുമായി ആളുകള്‍ ചികിത്സയ്‌ക്കായി എത്തുകയാണ്. ഇന്നലെ മരുന്നു വാങ്ങാന്‍ ക്യൂ നിന്നവരും ആശുപത്രി ജീവനക്കാരും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. ഇതു മിക്ക ദിവസങ്ങളിലും ഉളള കാഴ്ചയാണ്. ആരോഗ്യമന്ത്രി കെ.കെശൈലജയുടെ മണ്ഡലത്തിലെ പ്രധാന ആശുപത്രിയായ പാനൂരിലെ അവസ്ഥയാണിത്. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞവര്‍ ഒന്നും ശരിയാക്കാനാകാതെ ജനങ്ങളെ വലയ്‌ക്കുകയാണ്.
















