ചെറുതോണി: വട്ടമേടില്‍ വനവാസി കുട്ടികള്‍ മാത്രം പഠിക്കുന്ന എംജിഎല്‍സി ഏകാധ്യാപക വിദ്യാലയത്തിന്റെ കെട്ടിടം നവീകരിക്കാന്‍ നടപടി സ്വീകരിക്കാത്ത സംഭവത്തില്‍ ജനപ്രതിനിധികള്‍ പ്രതിക്കൂട്ടില്‍. പതിനെട്ട് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന്, ജനലുകള്‍ ചിതല്‍ അരിച്ച നിലയിലെത്തിയപ്പോഴാണ് ഇവിടുത്തെ വിദ്യാര്‍ത്ഥികളെ പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റിയത്.
ഒന്നുമുതല്‍ നാലുവരെയാണ് ക്ലാസുകള്‍. കഴിഞ്ഞ വര്‍ഷം പതിന്നാല് കുട്ടികളാണ് പഠിച്ചിരുന്നത്. വനവാസി കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളായതുകൊണ്ടാണ് അധികൃതര്‍ തിരിഞ്ഞ് നോക്കാത്തതെന്ന് രക്ഷിതാക്കള്‍ പറയുന്നത്. ഈ വര്‍ഷവും പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ തന്നെ പഠനം തുടരേണ്ടിവരും. ഇവിടെ വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാന സൗകര്യവുമില്ല. സ്‌കൂളിലെ കുട്ടികള്‍ക്ക് ഈ വര്‍ഷവും ബാഗും കുടയുമില്ലാതെ സ്‌കൂളില്‍ പേകേണ്ട ഗതികേടിലാണ്. ബാഗും കുടയും വാങ്ങാന്‍പോലും നിവൃത്തിയില്ലാത്ത കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
കഴിഞ്ഞ അദ്ധ്യയനവര്‍ഷം സ്‌കൂളിലെ ടീച്ചര്‍തന്നെ കുട്ടികള്‍ക്ക് മറ്റ് സാധനങ്ങല്‍ വാങ്ങി നല്‍കിയിരുന്നു. സര്‍ക്കാരില്‍നിന്നും യൂണിഫോമിനുള്ള തുണി നല്‍കുമെങ്കിലും തയ്‌ക്കാന്‍പോലും നിവൃത്തിയില്ലാത്ത കുടുംബങ്ങളും വട്ടമേട് ആദിവാസി കുടിയില്‍ ഉണ്ട്. ഇപ്പോള്‍ ഉച്ചയ്‌ക്ക് ഒരുനേരം മാത്രമാണ് ആഹാരം നല്‍കിവരുന്നത്. ഇത് രണ്ടുനേരം ആക്കിയാല്‍ അത്രയ്‌ക്ക് ഉപകാരപ്രദമാകുമെന്നാണ് അധ്യാപകര്‍ പറയുന്നത്.
















