തിരുവനന്തപുരം: വിഴിഞ്ഞം കരാര്‍ സംബന്ധിച്ച് സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. റിട്ട. ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷിക്കുക. റിട്ട. ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ. മോഹന്‍ദാസ്, റിട്ട. ഓഡിറ്റര്‍ ഓഫീസര്‍ പി.ജെ. മാത്യു എന്നിവര്‍ കമ്മീഷനിലെ അംഗങ്ങളാകും.
ജുഡീഷ്യല്‍ അന്വേഷണ വിഷയങ്ങള്‍ പിന്നീട് തീരുമാനിക്കും. ആറു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ നീര്‍ദ്ദേശം നല്‍കും. വിഴിഞ്ഞം പദ്ധതി ഏറ്റെടുത്തിട്ടുള്ള അദാനിക്ക് നിയമവിരുദ്ധമായി 40 വര്‍ഷത്തേക്ക് കരാര്‍ കാലാവധി നല്‍കുകയായിരുന്നു. സാധാരണ 30 വര്‍ഷത്തെ കരാറേ പാടുള്ളൂ. കുളച്ചല്‍ തുറമുഖവും 30 വര്‍ഷത്തേക്കാണ് നല്‍കിയിരിക്കുന്നത്. കരാര്‍ നീട്ടി നല്‍കിയതിലൂടെ അദാനിക്ക് 29,000 കോടി രൂപയുടെ അധിക ലാഭം ഉണ്ടാക്കികൊടുക്കാന്‍ ഉപകരിച്ചുവെന്ന് സിഎജി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ പറഞ്ഞു.
വിഎസിന്റെ കാലത്തെ കരാറും അന്വേഷിക്കണം: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണ്. സംസ്ഥാന താത്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ല. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് വി.എസ് സര്‍ക്കാരിന്റെ കാലത്തെ കരാറും ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
















