കൊച്ചി: കേന്ദ്രസര്‍ക്കാര്‍ ബീഫും അറവും നിരോധിച്ചെന്ന പ്രചരണം ശരിയല്ലെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിരോധനം എന്നൊരു വാക്ക് നിയമത്തിലില്ല. കന്നുകാലി വ്യാപാരത്തിന് നിയന്ത്രണം മാത്രമാണ് ഏര്‍പ്പെടുത്തിയത്. ലൈസന്‍സുള്ള കശാപ്പുശാലകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ തടസമില്ല. പുതിയ ലൈസന്‍സുകള്‍ എടുക്കുന്നതിന് തടസമില്ല. അനധികൃതവും അനാരോഗ്യകരവുമായ കശാപ്പുശാലകളെ അനുവദിക്കാന്‍ കഴിയില്ല.
ഭരണഘടനയുടെ സംയുക്ത പട്ടികയില്‍ ഉള്‍പ്പെട്ട വിഷയമായതിനാല്‍ നിയമം നിര്‍മ്മിക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ട്. നിയമം സംബന്ധിച്ച് ഉയര്‍ന്ന അഭിപ്രായങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കും. ആവശ്യമുള്ളവയില്‍ തിരുത്തല്‍ വരുത്താനും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ നാളെ എത്തുന്നതോടെ കേരളത്തില്‍ ബി.ജെ.പിയുടെ വളര്‍ച്ചയ്‌ക്ക് ശക്തി കൂടും. ഒപ്പം കമ്മ്യൂണിസ്റ്റുകളുടെ നാശത്തിനും തുടക്കമാകും. രാഷ്‌ട്രീയത്തില്‍ മാറ്റം വരും.
എതിരാളികളെ ശാരീരികമായി അക്രമിച്ചും കൊലപ്പെടുത്തിയും ഭീഷണി മുഴക്കിയും നിലനില്‍ക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായശേഷം അക്രമങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഇനിയും പിടിച്ചുനില്‍ക്കാന്‍ സി.പി.എമ്മിന് കഴിയില്ല.
















