കൊച്ചി: കേരളത്തില്‍ ആദ്യമായി ഫിറ്റോസ്‌കോപ്പി എന്ന ലേസര്‍ ചികിത്സവഴി ഗര്‍ഭത്തില്‍ മറുപിള്ള പങ്കുവെച്ച ഇരട്ടക്കുട്ടികളെ രക്ഷിച്ചതായി സൈമര്‍. 34 ആഴ്ച നീണ്ട ഗര്‍ഭാവസ്ഥക്കൊടുവില്‍ ആരോഗ്യമുള്ള സരൂപ ഇരട്ടകളെയാണ് പ്രസവിച്ചതെന്നും, ഈ വിജയത്തില്‍ ഏറെ സന്തോഷിക്കുന്നെന്നും സൈമര്‍ ഹോസ്പിറ്റല്‍ മേധാവി ഡോ. കെ കെ ഗോപിനാഥന്‍ പറഞ്ഞു.
ഇരട്ട ഭ്രൂണങ്ങള്‍ മറുപിള്ള പങ്കുവെക്കുന്ന ഈ ഗര്‍ഭാവസ്ഥ ഏറെ സങ്കീര്‍ണമാണ്. ഇത്തരം ഇരട്ടകളുടെ ചംക്രമണ സംവിധാനം പലപ്പോഴും കൂടിച്ചേര്‍ന്നിരിക്കും. ഇതുമൂലം രക്ത വിതരണത്തിലെ അനുപാതം നഷ്ടപ്പെടും. ഇതിനെ ട്വിന്‍ ടു ട്വിന്‍ ട്രാന്‍സ്ഫ്യൂഷന്‍ സിന്‍ഡ്രോം (ടിടിടിഎസ്) എന്ന് പറയുന്നു. ഇക്കാരണത്താല്‍ ഇരട്ടകളില്‍ ഒന്നിന് ഗര്‍ഭപാത്രത്തില്‍ വെച്ച് ജീവന്‍ നഷ്ടപ്പെടുകയാണെങ്കില്‍ ഹൃദയത്തില്‍ നിന്നുള്ള രക്തചംക്രമണത്തില്‍ ഗുരുതരമായ അസന്തുലിതാവസ്ഥക്കു കാരണമാവുകയും ഇരട്ടകളില്‍ ആരോഗ്യമുള്ള കുഞ്ഞിനും ഗര്‍ഭപാത്രത്തില്‍ വെച്ചുതന്നെ മരണം സംഭവിക്കാനും ഇടയാകും.
അഥവാ ആരോഗ്യമുള്ള ഭ്രൂണം ഇതിനെ അതിജീവിച്ചു പുറത്തുവന്നാലും ആ കുഞ്ഞിന് ന്യൂറോ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും സൈമറിലെ കണ്‍സല്‍ട്ടന്റ് ആന്‍ഡ് സയന്റിഫിക് ഡയറക്ടര്‍ ഡോ. പരശുറാം ഗോപിനാഥ് പറഞ്ഞു.
















